താനല്ല ആ ഭാഗ്യവാൻ, ക്ഷമിക്കണം, കൊതികൊണ്ട് പറഞ്ഞു പോയതാണ്, കാര്യങ്ങൾ കൈവിട്ടതോടെ മാപ്പപേക്ഷയുമായി യുവാവ്

കേരളം തിരഞ്ഞ തിരുവോണ ബമ്പർ ഒന്നാം സമ്മാനം ജേതാവ് തമിഴ്നാട് സ്വദേശി നടരാജനാണെന്ന തരത്തിൽ ഇന്ന് വൈകുന്നേരത്തോടെ വാർത്തകൾ വന്നിരുന്നു. ഇതിനൊപ്പം ഭാഗ്യവാന്റെ ലോട്ടറിയും പിടിച്ചുകൊണ്ടുള്ള ചിത്രവും പുറത്തുവന്നു. സംഭവം മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. എന്നാൽ സംഭവം കൈവിട്ടു പോയെന്ന് മനസ്സിലാക്കിയതോടെ താനല്ല ആ ഭാഗ്യവാനെന്ന് പറഞ്ഞുകൊണ്ട് ഇതേ യുവാവ് രംഗത്തെത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു.

വെറുതെ തമാശയ്ക്ക് യുവാവ് ചെയ്‌ത വീഡിയോയാണ് മാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്‌തത്‌. ലോട്ടറി അടിച്ചുവെന്ന തരത്തിൽ യുവാവ് ആദ്യംപുറത്തുവിട്ട വീഡിയോയാണ് കാര്യങ്ങൾ കുഴച്ചത്. തിരുവോണ ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശി നടരാജനാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് യുവാവിന്റെ ആദ്യ വീഡിയോ വന്നത്. ഇതോടെ ഇയാളാണ് ആ ഭഗവാനെന്ന് എല്ലാവരും ഉറപ്പിക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് മനസിലാക്കിയ യുവാവ് പറഞ്ഞതെല്ലാം തന്റെ ആഗ്രഹം മാത്രമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് വീഡിയോ ചെയ്യുകയായിരുന്നു.

ആദ്യ വീഡിയോ വൈറലാക്കിയ പോലെ ഇതും ഒന്ന് വൈറലാക്കണമെന്നാണ് യുവാവിന്റെ അപേക്ഷ. തമിഴ്നാട് സ്വദേശി നടരാജനാണ് ബമ്പര്‍ അടിച്ചതെന്ന വാർത്ത ഇപ്പോൾ സ്ഥിരീകരിക്കാനാകില്ല. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും, നാല് ദിവസം മുൻപ് പാലക്കാട് വളയാറിൽ നിന്ന് ടിഇ 230662 ടിക്കറ്റ് തമിഴ്നാട് സ്വദേശി നടരാജൻ വാങ്ങിഎന്നുമുള്ള വിവരങ്ങളാണ് ഏറ്റവും ഒടുവിൽ ലഭിച്ചത്. കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നുമാണ് കിട്ടിയിരുന്ന വിവരം. എന്നാൽ ഇതിലൊന്നും ഇപ്പോൾ സ്ഥിരീകരണം ആയിട്ടില്ല.