കിഫ്ബിയ്‌ക്കെതിരെ ആദായവകുപ്പിന്റെ നോട്ടീസ്, വിരട്ടേണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ കിഫ്ബിക്കെതിരെ ആദായ നികുതിവകുപ്പും ഇഡിയും അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇന്‍കം ടാക്സിന്‍റെയും ഇഡിയുടെയും വിരട്ടല്‍ വേണ്ടെന്നായിരുന്നു തോമസ് ഐസക്കിന്‍റെ പ്രതികരണം. അതൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ മതിയെന്നും ഇങ്ങോട്ട് കേസെടുത്താല്‍ അങ്ങോട്ടും കേസെടുക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന സിപിഎം ആരോപണം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമ്ബോഴാണ് കിഫ്ബിയെ തേടി ആദായ നികുതി വകുപ്പുമെത്തുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത് കേരള ഇന്‍ഫ്രാസ്ട്രകച്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മുഖേനയാണ്. കൈറ്റ് വഴി അഞ്ചുവര്‍ഷം കിഫ്‍ബി ഫണ്ടുപയോഗിച്ച്‌ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസ്.

അതേസമയം സര്‍ക്കാര്‍ അഭിമാനമായി ഉയത്തിക്കാട്ടുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കിഫ്ബി വഴിയുള്ള കൈറ്റിന്‍റെ പദ്ധതിയാണ്. കരാറുകര്‍ക്ക് എത്ര പണം നല്‍കി. നികുതി പണം എത്ര അടച്ച്‌ തുടങ്ങിയ വവിരങ്ങള്‍ ഈ മാസം 25നകം നല്‍കണമെന്നാണ് നോട്ടീസ്. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ വാങ്ങിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്‍മെന്‍റ് അന്വേഷണം തുടരുകയാണ്. കിഫ്ബി സിഇഒക്ക് എന്‍ഫോഴ്‍സ്‍മെന്‍റ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. എന്‍ഫോഴ്‍സ്‍മെന്‍റിനെ നിയമപരമായ നേരിടാനൊരുങ്ങുമ്ബോഴാണ് ആദായ നികുതി വകുപ്പ് നോട്ടീസ്.