ഇന്ന് നോമ്പ് തുറക്കും നേരം ഓടിവരാന്‍ മക്കളില്ലെന്ന്‌ വിശ്വസിക്കാനാകാതെ അമ്മമാര്‍

കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത് വിശസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. നോമ്പ് തുറക്ക് എന്റെ മക്കൾ വരില്ലേ…ഒരു കുടുംബത്തിലേ തന്നെ 3 അമ്മമാരുടെ ഈ ചോദ്യം കേട്ട് നിന്ന എല്ലാവരും വാവിട്ട് നിലവിളിച്ചപ്പോൾ കൂട്ട കരച്ചിലായി. മക്കൾ മരിച്ചു എന്ന് ഈ അമ്മമാർക്ക് വിശ്വസിക്കാൻ കാലമേറെ എടുക്കും. എങ്ങിനെ മറക്കാനാകും. മരിച്ചിട്ടും നോമ്പ് തുറക്ക് മക്കളേ അന്വേഷിക്കുകയാണ്‌ ഈ 3 ഉമ്മമാർ. ഒരു പുരുഷായുസു മുഴുവൻ ലോകത്ത് ഓടി നടന്ന് ജീവിക്കേണ്ട 3 പിഞ്ചോമനകൾ വീടിനു തൊട്ടടുത്ത് കളിക്കുമ്പോൾ വെള്ള കെട്ടിൽ വീഴുകയായിരുന്നു. എന്നാൽ ആരും അത് കണ്ടുമില്ല. ശബ്ദം പോലും ഉണ്ടാക്കാൻ ആ മക്കൾക്ക് ആയില്ല. നിശബ്ദമായി അവർ പോവുകയായിരുന്നു. ചെറിയ ഒരു ശബ്ദം എങ്കിലും കേട്ടായിരുന്നേൽ ആ അമ്മമാർക്ക് അവരെ രക്ഷിക്കാമായിരുന്നു.നാസര്‍-താഹിറ ദമ്ബതിമാരുടെ മകന്‍ അജിനാസ് (6), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് മിഷ്ബാഹ് (6), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ബാസിര്‍ (4) എന്നിവരാണ് മുങ്ങി മരിച്ചത്.കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു.

ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും മുങ്ങിമരിച്ചത് . നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കുട്ടികളെ ഉടന്‍ തന്നെ ചതുപ്പില്‍ നിന്നും പുറത്തെടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിഞ്ചോമനകളുടെ വേര്‍പാട് വിശ്വസിക്കാനാകാത്ത നിലയിലാണ് നാട്ടുകാര്‍. ഓടിക്കളിച്ചു നടന്ന പിഞ്ചു മക്കള്‍ക്ക് ഇത്തരത്തില്‍ ഒരു ദുരന്തം സംഭവിച്ച കാര്യം വിശ്വസിക്കാന്‍ വീട്ടുകാര്‍ക്കും കഴിയാത്ത അവസ്ഥയാണ്. അലമുറയിട്ടു കരയുന്ന അമ്മമാരെ ആശ്വസിപ്പിക്കാനും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കഴിയുന്നില്ല.

നോമ്പുതുറ നേരത്ത് കുട്ടികള്‍ അടുത്ത വീടുകളില്‍ ഉണ്ടാകുമെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാര്‍. ഈ സമയത്ത് കാറ്റോട് കൂടിയ മഴയും ഉണ്ടായിരുന്നു. മഴയായതിനല്‍ കുട്ടികള്‍ അടുത്ത വീട്ടില്‍ തങ്ങിയിരിക്കുമെന്ന് കരുതി ആരും അന്വേഷിച്ചില്ല. എന്നാല്‍ ബാങ്കുവിളിച്ചുകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ വെള്ളക്കെട്ടില്‍ പൊങ്ങികിടക്കുന്ന നിലയില്‍ കണ്ടത്. അജ്നാസും നിഷാദും കടപ്പുറം പി പി ടി എസ് എല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്. മുന്‍ നഗരസഭാ കൗണ്‍സിലര്‍ റഹ് മത്ത് മജീദിന്റെ മകളുടെ മകനാണ് ബാഷിര്‍.