സ്ത്രീശാക്തീകരണത്തിനുവേണ്ടി കുടുംബന്ധങ്ങള്‍ ശിഥിലമാക്കരുത്

ഗീവര്‍ഗീസ് ഇടിച്ചെറിയ കിഴക്കേകര

മേയ് ദിനത്തിലെ ആശംസകളുടെ കൂട്ടത്തില്‍ ഒരു ആശംസ എന്നെ വല്ലാതെ അലട്ടിയതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു കുടുംബത്തിലെ അഥവാ ഭവനത്തിലെ സ്ത്രീകള്‍ അമ്മമാര്‍ ഉള്‍പ്പെടെ അവിടെ ചെയ്യുന്ന ജോലികള്‍ക്കൊന്നും പ്രതിഫലം ലഭിക്കുന്നില്ല എന്നും പ്രതിഫലം ലഭിക്കാതെ പണിയെടുക്കുന്ന ആ സ്ത്രീ തൊഴിലാളികള്‍ സംഘടിച്ച് തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്തുള്ളതായിരുന്നു ആ പോസ്റ്റ്.എവിടേക്കാണ് ഇത്തരം ആഹ്വാനങ്ങള്‍ കുടുംബത്തെയും സമൂഹത്തെയും കൊണ്ട് എത്തിക്കുന്നത് എന്നു ചിന്തിച്ചപ്പോള്‍ ഈ പ്രതികരണം എഴുതണമെന്ന് തോന്നി.

സ്ത്രീകളുടെ കുടുംബത്തിലെ അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചും സമരം ചെയ്തും ഇന്ന് living together എന്നതിലേക്ക് ചെറുപ്പക്കാരുടെ മനസുകളെ തളക്കുകയും ആജീവനാന്ത കുടുംബം എന്ന സങ്കല്പത്തില്‍ നിന്ന് അവരെ അകറ്റുകയും ചെയ്തു കഴിഞ്ഞു. കുടുംബം എന്നത് മനുഷ്യരാശിയുടെ നിലനില്‍പ്പിനും നന്മയുള്ള സമൂഹത്തിനും അതുവഴി രാജ്യത്തിന്റെ കെട്ടുറപ്പിനും ആവശ്യമാണ്. ആ സത്യമുള്ള സാമൂഹ്യ അവസ്ഥ ഇന്നുണ്ടായതല്ല. പുരാതന കാലം മുതല്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ നിലനിന്നു പൊരുന്നതാണ്.കൂടാതെ അതു ദൈവനിശ്ചയവും ആകുന്നു. അങ്ങനെ നിലനിന്നു വരുന്ന മഹത്തായ വ്യവസ്ഥിതിയെ ആണ് തകര്‍ക്കാന്‍ വേണ്ടി ഇന്ന് സ്ത്രീ ശാക്തീകരണമെന്നോ സ്ത്രീയുടെ അവകാശമെന്നോ ഒക്കെ പറഞ്ഞു നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അതു ഇന്ന് നമ്മെ എവിടെ കൊണ്ടെത്തിച്ചു. ആ അവകാശബോധം തലക്ക് പിടിച്ച ഭാര്യക്ക് ഭര്‍ത്താവിനോടോ തിരിച്ചോ സ്‌നേഹവും കടപ്പാടും ഇല്ലാത്ത മാനസിക നിലയില്‍ അവരെ കൊണ്ടെത്തിച്ചു കഴിഞ്ഞു.
അതുമൂലം അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും തകര്‍ച്ചയിലേക്കുള്ള വഴിയില്‍ വളരുന്നു. തങ്ങളുടെ ശരീരം വിവാഹത്തിലൂടെ പങ്കാളിയായ വ്യക്തി ഉപയോഗിച്ചതിന്റെ പ്രതിഫലത്തിന്റെ കണക്ക് ചോദിച്ചു വാങ്ങുന്ന വിവാഹ മോചനങ്ങളും നമ്മുടെ തലമുറയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്ന് കുടുംബം കെട്ടിപ്പടുക്കന്‍ ആഗ്രഹിക്കുന്നവര്‍ക്കു പോലും എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതായി. തന്റെ ജീവിതപങ്കാളിയായി വരുന്ന ആള്‍ എത്ര നാള്‍ കൂടെ ഉണ്ടാകുമെന്നു നിശ്ചയമില്ലാത്ത വല്ലാത്ത ഒരു അവസ്ഥ.

അങ്ങനെയുള്ള മാനസികനിലയില്‍ വിവാഹിതരായാല്‍ പോലും ഭര്‍ത്താവിനും ഭാര്യക്കും അന്യോന്യം മനസ്സിലാക്കാന്‍ പറ്റാത്ത ദയനീയമായ അവസ്ഥ. അവരിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ അതിലേറെ കഷ്ടത്തിലുമാകുന്നു. അവര്‍ അരക്ഷിത ബോധത്തില്‍ വളരുകയും മാതാപിതാക്കളെ എന്നല്ല സകലതിനെയും തച്ചുടക്കാനും നശിപ്പിച്ചു കളയാനും ഉള്ള മാനസികനിലയില്‍ എത്തുകയും താന്‍ ആര്‍ക്കു വേണ്ടി സമ്പാദിക്കണം, എന്തിനു വേണ്ടി സമ്പാദിക്കണം, കിടന്നു പോയാല്‍ നോക്കാനും സംരക്ഷിക്കാനും ആരുണ്ട് എന്നൊക്കെയുള്ള വ്യാകുലതകളില്‍ മനസ്സ് വ്യാപരിക്കുകയും കുടുംബത്തെ വിട്ടു മറ്റു (വ്യാജത്തില്‍ കലാശിക്കുന്ന ) സ്‌നേഹങ്ങള്‍ തേടി അലയുകയും ചെയ്യുന്നു.മക്കള്‍ സ്‌നേഹം കിട്ടാത്ത അരക്ഷിത ബോധത്തില്‍ വളര്‍ത്തപ്പെടുന്നതിനാല്‍ കുടുംബത്തിനു കിട്ടേണ്ട അനുഗ്രഹങ്ങള്‍ കിട്ടാതെ വരുകയും അവ രാജ്യത്തിന് കിട്ടാക്കനികളാകുക മാത്രമല്ല നാശത്തിലേക്ക് കുതിക്കുന്ന തലമുറകള്‍ ഉള്ള മോശപ്പെട്ട രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്ന കണ്ണികള്‍ ആവുകയും ചെയ്യുന്നു.

കുടുംബത്തെ തൊഴില്‍ ചെയ്യുന്ന ഒരു സ്ഥാപനമായി തരം താഴ്ത്തുമ്പോള്‍ ഭര്‍ത്താവും ഭാര്യയും അന്യോന്യം പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന്റെയും ശാരീരിക സുഖത്തിന്റെയും കണക്കുകള്‍ക്കു കൂടി പ്രതിഫലത്തുക നിശ്ചയിച്ചാല്‍ പിന്നെ അധികകാലമൊന്നും നോക്കിയിരിക്കേണ്ടി വരില്ല.അതിന്റെ കണക്കു കൂടി സൂക്ഷിച്ചു മാസാമാസം ലഭിക്കേണ്ട പ്രതിഫലത്തുക കൈപ്പറ്റുക. അപ്പോള്‍ എല്ലാം തികയും.
അങ്ങനെ കുടുംബത്തതിന്റെ ബാക്കിയുള്ള അസ്ഥിവാരം കൂടി തോണ്ടാവുന്നതാണ്.സ്ത്രീയ്ക്ക് ഭര്‍ത്താവില്‍ നിന്നു കിട്ടിയ രതിമൂര്‍ച്ചയുടെയും പുരുഷന്‍ ഭാര്യയുടെ ശരീരം ഉപയോഗിച്ചു അനുഭവിച്ച രതിസുഖത്തിന്റെയും കണക്കുകള്‍ സൂക്ഷിക്കുന്ന കുടുംബനിലവാരത്തിനായി ഈ സ്വാതന്ത്ര്യ വാദികള്‍ മുന്നോട്ടു പോകുമെങ്കില്‍ ആ ദിനം ഉറക്കെ പാടണം…..കുടുംബ (ത്തിലെ) സ്ത്രീ തൊഴിലാളികളെ സംഘടിക്കുവീന്‍…… സംഘടിച്ചു സംഘടിച്ചു ശക്തരാകുവീന്‍….അതിനു മുന്‍നിരയില്‍ നില്‍ക്കാന്‍ കരുത്തുള്ള നേതാക്കളും ഇന്നു വളര്‍ന്നു വന്നു കഴിഞ്ഞു.

എങ്കിലും ഒന്നോര്‍ത്തു കൊള്ളുക…ഇന്നത്തെ കുടുംബം എന്ന വ്യവസ്ഥിതിയെ തകര്‍ത്ത ശേഷം അതു തിരിച്ചു പിടിക്കുക തികച്ചും ദുഷ്‌കരമാകും. കാരണം കുടുംബങ്ങള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രബല രാജ്യമോ പിന്‍കാലങ്ങളില്‍ നല്ല പ്രജകളോ അങ്ങനെ നശിക്കുന്ന ഒരിടത്തും ഉണ്ടാകില്ലല്ലോ. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും ശിഥിലമാക്കുന്ന ഒരു നിയമവും ഉണ്ടാകരുത്.ഉണ്ടാക്കിയവ പിന്‍വലിക്കുകയും വേണം ആത്യന്തികമായി രാജ്യതാത്പര്യത്തിനു വേണ്ടി അതു ചെയ്യേണ്ടതുമാണ്