മകന്റെ മൊബൈല്‍ ഗെയിം കളിയിലൂടെ അമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മിക്കവരും സമയം ചിലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഈ അവസരം മുതലെടുത്ത് നിരവധി ചതിയന്മാരും രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് സമയം ചിലവഴിക്കുന്നവര്‍ക്ക് പണം നഷ്ടമാകുന്നതായി പരാതികള്‍ വരുന്നു. മലപ്പുറത്തെ വീട്ടമ്മക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപയാണ്. ഫ്രീ ഫയര്‍’ എന്ന ഗെയിമിങ് ആപ്ലിക്കേഷന്‍ വഴിയാണ് പണം നഷ്ടമായത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദിവസവും ഗെയിം കളിച്ചിരുന്നു. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ഇ-വാലറ്റ് ആയ പേ-ടിഎം വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇതിനുള്ള ഫീസ് ഇനത്തില്‍ 50 രൂപ മുതല്‍ 5,000 രൂപ വരെ വിദ്യാര്‍ഥി ദിവസവും അടച്ചു കൊണ്ടിരുന്നു. എട്ടുമാസം കൊണ്ടാണ് ഒരു ലക്ഷത്തോളം രൂപ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇങ്ങനെ നഷ്ടപ്പെട്ടത്. അധ്യാപിക ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് അരീക്കോട് പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വഴി കണ്ടെത്തിയത്.

പല തരത്തിലുള്ള ഓഫറുകള്‍ എന്ന പേരില്‍ വാട്‌സ് ആപ് സന്ദേശങ്ങള്‍ക്ക് ഒപ്പം നല്‍കിയിരിക്കുന്ന ലിങ്ക് കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഫ്‌ലിപ്കാര്‍ട്ടിന്റേതു തന്നെയെന്ന് തോന്നാമെന്നും ക്ലിക്ക് ചെയ്താലെത്തുന്നത് ഫ്‌ലിപ്കാര്‍ട്ടിന്റെ അതേ രൂപത്തിലുള്ള മറ്റൊരു പേജിലാക്കായിരിക്കുമെന്ന് പോലീസ് പറഞ്ഞു. വ്യക്തിഗതവിവരങ്ങള്‍ നല്‍കി മുന്നോട്ട് പോയാല്‍ ബാങ്ക് വിവരങ്ങള്‍ നല്‍കേണ്ടി വരും. ഇതോടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്നും പോലീസ് പറഞ്ഞു.