ഇതേ കമ്മീഷണറെ നിർത്തി പൂരം മര്യാദയ്‌ക്ക് നടത്തി കാണിക്കണം, പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സുരേഷ് ​ഗോപി

തൃശൂർ: പോലീസിന്റെ അതിരുവിട്ട ഇടപെടൽ കാരണം ചരിത്രത്തിലാദ്യമായി തൃശൂർ പൂരം മുടങ്ങിയ സംഭവത്തിൽ പ്രതികരിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. പൂരത്തിന്റെ പരമ്പരാ​ഗത രീതികൾക്ക് ഭം​ഗം വന്നുവെന്നും ഇതിന് പിന്നിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. .

“ഏത് പാർട്ടിയുടെ ഇടപെടലുണ്ടായാലും അന്വേഷിച്ച് കണ്ടെത്തണം. ഇതേ കമ്മീഷണറെ നിർത്തി തന്നെ മര്യാദക്ക് പൂരം നടത്തി കാണിക്കണം. ആളുകൾ തല്ലുകൊള്ളാതെ നിർത്തി പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണർക്ക് മുകളിൽ നിന്ന് ലഭിച്ച നിർദേശമാണ് പാലിച്ചത്”- സുരേഷ് ​ഗോപി പറഞ്ഞു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. ഇതിനേക്കാൾ വലിയ അന്വേഷണം കൊണ്ടുവരാം.

എന്നാൽ തടസപ്പെടുത്താതിരുന്നാൽ മാത്രം മതി. അനാവശ്യ ന്യായങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നെ അര മണിക്കൂറോളം കടത്തിവിടാതെ ബ്ലോക്ക് ചെയ്തിട്ടു. വിളിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് ഇലക്ഷൻ ഡ്യൂട്ടിയാണെന്ന്. 19-നും 20-നും രാത്രിയൊക്കെ ഏത് പാർട്ടിയാണ് ഇലക്ഷൻ പരിപാടി വച്ചിരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.