മോഷണത്തിനായി ഇർഫാൻ ഉപയോഗിച്ച ‘ആയുധം’ സ്ക്രൂ ഡ്രൈവർ മാത്രം, പൊലീസിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങൾ, പ്രതിയ്ക്ക് സ്വർണത്തെക്കുറിച്ച് വിവരം ലഭിച്ചതിൽ അന്വേഷണം

കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയത് ബം​ഗാളിലെ റോബിൻഹുഡ്. മോഷണത്തിനായി ഉപയോഗിച്ച ‘ആയുധം’ സ്ക്രൂ ഡ്രൈവർ മാത്രം. ആഭരണങ്ങളിരുന്ന ലോക്കർ പൂട്ടാതിരുന്നത് ഇർഫാന് മോഷണം എളുപ്പമാക്കി. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന മേഖല എന്നതുകൊണ്ടാവാം പനമ്പിള്ളി നഗർ തിരഞ്ഞെടുത്തത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ വീട്ടില്‍ ഇത്രയും സ്വർണം സൂക്ഷിച്ചിരുന്ന കാര്യം ഏതെങ്കിലും വിധത്തിൽ പ്രതിയിലേക്ക് എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് കമ്മിഷണർ പറഞ്ഞു.

ശനിയാഴ്ച വെളുപ്പിനെ രണ്ടര മണിയോടെയാണ് ജോഷിയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ മോഷണം നടന്നത്. 1.2 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് മോഷണം പോയത്. സ്വർണം കൊണ്ടു പോയതാവട്ടെ, ജോഷിയുടെ മകന്റെ ഭാര്യയുടെ പെട്ടിയിലും. മൂന്നു മണിയോടെ ഒരാൾ കാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതാണ് പൊലീസിന് പിടിവള്ളിയായത്.

മൂന്നു വീടുകളിൽ കൂടി മോഷണം നടത്താൻ ശ്രമിച്ച ശേഷം ഒടുവിലാണ് ജോഷിയുടെ വീട്ടിൽ കയറിയത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇർ‍ഫാൻ പിടിയിലായത്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ഹോണ്ട അക്കോർഡ് കാറിലാണ് കൊച്ചിയിലെത്തിയത്. ‘അധ്യക്ഷ് ജില്ലാ പരിഷത്ത്, സീതാമർഹി’ എന്ന ബോർഡും കാറിലുണ്ടായിരുന്നു.

ഇർഫാന്റെ ഭാര്യ ഗുൽഷൻ പര്‍വീണ്‍ ബിഹാറിലെ സീതാമര്‍ഹിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്. എന്നാൽ‍ ഔദ്യോഗിക വാഹനമല്ല ഇർഫാൻ ഉപയോഗിച്ചത് എന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

സിസിടിവിയിലൂടെ വാഹനത്തിന്റെ സഞ്ചാരപഥം മനസ്സിലാക്കി, മുംബൈയിലേക്കുള്ള റൂട്ടിലാണ് ഇർഫാൻ പൊയ്ക്കൊണ്ടിരുന്നതെന്ന് കമ്മിഷണര്‍ പറഞ്ഞു. മംഗലാപുരം, ഉഡുപ്പി, കാർവാർ അവിടെ നിന്ന് മഹാരാഷ്ട്രയിലേക്ക് കടക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ കർണാടക പൊലീസിനെ അറിയിച്ചതോടെ അവർ പ്രതിക്കായി വല വിരിക്കുകയും ഉഡുപ്പിയിൽ വച്ച് പിടികൂടുകയുമായിരുന്നു.

മോഷ്ടിച്ച സ്വർണം ഈ കാറിൽത്തന്നെ സൂക്ഷിച്ചിരുന്നു എന്ന് കമ്മിഷണർ പറഞ്ഞു. മുമ്പ് തിരുവനന്തപുരത്ത് ഭീമാ ജ്വല്ലറിയുടെ ഉടമയുടെ വീട്ടിൽ നടന്ന മോഷണത്തിനു പിന്നിലും ഇർഫാനാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകൾ ഒഴിവാക്കാൻ വേണ്ടിയാവാം പഞ്ചായത്ത് പ്രസിഡന്റിന്റെ ബോർഡ് കാറിൽ വച്ചിരുന്നത് എന്ന് കമ്മീഷണർ പറഞ്ഞു.