‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്’, ജോഷിയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പിടിച്ച പൊലീസിന് ഷാജി കൈലാസിന്റെ അഭിനന്ദനം

സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച്‌ സംവിധായകൻ ഷാജി കൈലാസ്. കേരള പൊലീസ് കള്ളനെ പിടിച്ചെന്ന വാർത്തയടക്കം പങ്കുവെച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്.

”എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് വലിയൊരു സല്യൂട്ട്”, ഷാജി കൈലാസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സിനിമയിൽ കാണുന്ന പൊലീസ് അന്വേഷണം ഒന്നുമല്ല എന്ന് ബോധ്യപ്പെടുത്തുന്ന അന്വേഷണമാണ് ഇന്നലെ പൊലീസ് നടത്തിയതെന്ന് പ്രശംസിച്ച്‌ ജോഷിയും രംഗത്തുവന്നിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽനിന്ന് ഒരുകോടിയോളം രൂപയുടെ ആഭരണങ്ങൾ കവർന്ന രാജ്യത്തെ വമ്പൻ മോഷ്ടാവിനെ 15 മണിക്കൂറിനകമാണ് വലയിലാക്കിയത്. ഇന്ത്യയിലെങ്ങും വൻ നഗരങ്ങളിലെ സമ്ബന്നവീടുകൾ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് പിടിയിലായത്.

പ്രതിയുടെ ദൃശ്യങ്ങൾ ജോഷിയുടെ വീട്ടിലെ സിസിടിവികളിൽ നിന്നു ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തിൽ തിരിച്ചടിയായിരുന്നു. തുടർന്ന് പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളുടെയും സിഡിആർ വിവരങ്ങൾ പൊലീസ് ശേഖരിച്ചത് വഴിത്തിരിവാകുകയായിരുന്നു.