സിനിമ ചിത്രീകരണത്തെ തുടർന്ന് ​ഗതാ​ഗതക്കുരുക്ക്; ജോജു ജോർജിന്റെ സിനിമക്കെതിരെ പരാതി

സിനിമ ചിത്രീകരണത്തിനിടെ ഗതാഗത കുരുക്ക് ഉണ്ടാക്കിയതായി പരാതി. ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ആന്റണി’യുടെ ചിത്രീകരണത്തിനെതിരെ പാല നഗരസഭയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കലക്ടർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ചിത്രീകരണത്തിന് നഗരസഭ അനുവാദം നൽകിയിരുന്നു. എന്നാൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. ‘പാപ്പൻ’ എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് ആന്റണി.

യൂത്ത് കോൺ​ഗ്രസുകാർ നടത്തിയ സമരം ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് കാണിച്ച് ജോജു നടത്തിയ പ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായാക്കിയിരിക്കുകയാണ്. വഴി തടയുന്നവർക്കെതിരെ പ്രതികരിച്ചാൽ പോരാ സ്വന്തം പ്രവർത്തിയിലൂടെയും കാണിച്ചു കൊടുക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിൽ. കല്യാണി പ്രിയദർശനും ആശ ശരത്തും ചിത്രത്തിന്റെ ഭാഗമാണ്. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയ ചിത്രമായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായാണ് ജോജു ജോർജ്ജ് എത്തിയത്. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് പ്രേക്ഷകർക്ക്. ‘ഇരട്ട’ എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിൻറെ നിർമ്മാണം. രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, മേക്കപ്പ് – റോണക്സ് സേവ്യർ, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.