ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ട്രോളിങ് നിരോധന കാലയളവില്‍ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷൻ അനുവദിക്കും. എല്ലാ തീരദേശ ജില്ലകളിലും ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.