വീടുകളില്‍ അന്യരെ പോലെ മാറി താമസിക്കുന്നു, കോവിഡ് വാര്‍ഡുകളിലെ നഴ്‌സുമാരുടെ അനുഭവം, രാജ്യത്തിനായി പോരാടുന്ന മാലാഖമാര്‍

ദുബായ്: കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുകയാണ്. യുഎഇയിലും സ്ഥിതി മറ്റൊന്നല്ല. പതിനായിരക്കണക്കിന് ആളുകള്‍ രോഗ ബാധിതര്‍ ആയതോടെ നഴ്‌സുമാര്‍ സ്വന്തം ജീവന്‍ പോലും ത്യജിച്ച് അവരെ പരിചരിക്കുകയാണ്. പലര്‍ക്കും കുട്ടികളെയും കുടുംബത്തെയും ഒന്ന് അടുത്ത് കാണാന്‍ പോലും സാധിക്കുന്നില്ല. പല നഴ്‌സുമാരും വീടുകളിലേക്ക് പോകുന്നില്ല. ചിലര്‍ സ്വന്തം വസതികളില്‍ അതിഥികളെ പോലെ താമസിക്കും. ചിലര്‍ ആരോഗ്യമന്ത്രാലയം അനുവദിച്ച് നല്‍കിയ പ്രത്യേക പാര്‍പ്പിട കേന്ദ്രങ്ങളിലാണ് താമസം. പ്രിയപ്പെട്ടവരെ ഒക്കെ വീഡിയോ കോളിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന അവസ്ഥ.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്‌സുമാര്‍ അതീവ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുണ്ട്. ആറ് മക്കളുടെ അമ്മയായ ഹമീല അല്‍ബലൂശി തന്റെ അനുഭവം തുറന്ന് പറയുകയാണ്. ജോലി കഴിഞ്ഞ് ഹമീല വീട്ടിലേക്ക് തന്നെയാണ് പോകുന്നത്. വീട്ടിലെ അതിഥികള്‍ക്കുള്ള മുറിയില്‍ താമസം. ഉറ്റവര്‍ തൊട്ടരികില്‍ ഉണ്ടായിട്ടും ആരെയും കാണോനോ ഇടപെടാനോ സാധിക്കാത്ത ദുഖകരമായ ജീവിതം. എന്നാല്‍ എല്ലാം നല്ലതിനാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം.

11 വയസുള്ള മകളാണ് മറ്റ് മക്കളുടെ കാര്യങ്ങള്‍ നോക്കുന്നത്. കുട്ടികള്‍ ഉള്ളതിനാല്‍ എല്ലാം അകലെ നിന്ന് കാണുകയാണ് ഹമീല. തീന്‍മേശയുടെ അരികിലേക്ക് പോലും പോകാറില്ല. പ്രായമേറിയ മാതാവിനെ കണ്ടിട്ട് ദിവസങ്ങളായി. വല്ലപ്പോഴും വീഡിയോ കോളിലൂടെ കാണുകയാണ് അകെയുള്ള സമാധാനം. രാവിലെ ഏഴിന് വീട്ടില്‍ നിന്നും ജോലിക്കായി ആശുപത്രിയിലേക്ക് പുറപ്പെടും. തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഏഴ് മണിയാകും. ‘ആരോഗ്യ പ്രവര്‍ത്തകരുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് നിങ്ങള്‍ വീട്ടില്‍ തന്നെ കഴിയുക’.- ഹമീലക്ക് പറയാനുള്ളത് ഇത് മാത്രമാണ്.

എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ്. സ്ത്രീകളുടെ വാര്‍ഡില്‍ നഴ്‌സായ ഖൗല അശാഇറും ഇപ്പോള്‍ വീട്ടിലെ പുറത്തുള്ള മുറിയിലാണ് താമസം. കുടുംബത്തിന്റെ കാര്യത്തിലും ശ്രദ്ധ കാണിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഖൗലയും പറയുന്നു. നാല് മക്കളുള്ള ഫാത്തിമ അല്‍ മുസാഫിരിയുടെ ഭര്‍തൃമാതാവ് വാര്‍ദ്ധക്യ സഹജമായ രോഗം അലട്ടുന്നയാളാണ്. ഇവരും വീടുമായി ബന്ധം വിചേദിച്ചിരിക്കുകയാണ്. മാസങ്ങളായി മക്കളെയും മാതാവിനെയും കണ്ടിട്ട്.

ഖദീജ അല്‍കോഹിയുടെ ജീവിതം വളരെ കഷ്ടമാണ്. മൂന്ന് ദീവസം 12 മണിക്കൂര്‍ ജോലി ചെയ്താല്‍ മാത്രമേ ഒരു ദിവസം അവധി കിട്ടൂ. മേയ്‌സാ അല്‍ മുഹൈരി ആരോഗ്യ മന്ത്രാലയം ഒരുക്കിയ ഒരു ഹോട്ടലിലാണ് ജോലിക്ക് ശേഷമുള്ള വാസം. കോവിഡ് വാര്‍ഡില്‍ നേരിട്ട് ഇടപെടുന്നതിനാല്‍ വീടുമായുള്ള ബന്ധം തീര്‍ത്തും അവസാനിച്ചിരിക്കുകയാണ്.