വിവാഹശേഷമുള്ള ആദ്യ ജന്മദിനത്തിൽ ശ്രീകുമാര്‍ നല്‍കിയ സര്‍പ്രൈസിനെ കുറിച്ച്‌ സ്‌നേഹ

 

അടുത്തിടെയായിരുന്നു സ്‌നേഹയും ശ്രീകുമാറും വിവാഹിതരായത്. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ് ജീവിതമെന്ന് സ്‌നേഹ നേരത്തെ പറഞ്ഞിരുന്നു. ശ്രീകുമാറിനൊപ്പം ജീവിതം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ സ്നേഹ ആഘോഷിച്ചു. ഭര്‍ത്താവ് ശ്രീകുമാറിനൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്‌നേഹ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ശ്രീകുമാര്‍ സര്‍പ്രൈസ് ആയി കേക്ക് ഒരുക്കി വച്ചിരുന്നു. “പിറന്നാള്‍ ദിനം. വിവാഹശേഷമുള്ള എന്റെ ആദ്യ പിറന്നാള്‍. സര്‍പ്രൈസ് കേക്കിന് ഒരുപാട് നന്ദി ശ്രീ” ചിത്രം പങ്കുവച്ചു കൊണ്ട് സ്‌നേഹ കുറിച്ചു.

കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ സ്‌നേഹ ശ്രീകുമാറിന്റെയും എസ് പി ശ്രീകുമാറിന്റെയും വിവാഹം. സമകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച്‌ പ്രേക്ഷകരില്‍ എത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ ‘മറിമായ’ത്തിലെ ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സ്‌നേഹയെന്ന പേരിനൊപ്പം ചേര്‍ന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകര്‍ക്ക് മണ്ഡുവാണ് സ്‌നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാര്‍ എത്തിയത്. ഇവര്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കായിരുന്നു സന്തോഷം.