അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്, അച്ഛന്റെ സ്വത്തുകൊണ്ടല്ലേ അധികാരം ആസ്വദിക്കുന്നത്, ഉദയനിധി – നിർമല വാക്പോര്

ചെന്നൈ ∙ കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങൾക്ക് അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.’’പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം അല്ല എന്ന നിർമലയുടെ പ്രസ്താവനയ്ക്ക് ഉദയനിധിയുടെ മറുപടി . എന്നാൽ അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്നു നിർമ്മല സീതാരാമൻ.

ഓരോരുത്തരും അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് പ്രയോ​ഗിക്കണം. രാഷ്ട്രീയത്തിൽ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസ്സിലാക്കിയിരുന്ന സാഹിത്യകാരനാണെന്നതും അദ്ദേഹം മറക്കുന്നുവെന്നും നിർമല വിമർശിച്ചു.

കരുണാനിധിയും ദ്രാവിഡചാര്യൻ പെരിയാറും തങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണു സംസാരിക്കുകയെന്നും ഉദയനിധി തിരിച്ചടിച്ചു. ‘അച്ഛൻ’ ‘കുടുംബം’ എന്നിവ മോശം വാക്കുകളല്ലെന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ പോലും രാഷ്ട്രീയം കലർത്താനാണു നിർമലയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.