യുക്രെയ്നിൽ റഷ്യൻ സൈനികരെ കൊലപ്പെടുത്തി

കീവ്∙ വിഷം കലർത്തിയ കേക്കും മദ്യവും നൽകി റഷ്യൻ സൈനികരെ യുക്രെയ്ൻ പൗരന്മാർ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഖാർകിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവം.

റഷ്യയുടെ മൂന്നാം മോട്ടർ റൈഫിൾ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിന്റെ ഫെയ്സ്ബുക് കുറിപ്പിൽ അറിയിച്ചു. കേക്കുകളിൽ വിഷം കലർത്തി സൈനികർക്കു നൽകുകയായിരുന്നു. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 28 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

മറ്റൊരു സംഭവത്തിൽ വിഷം കലർന്ന മദ്യം കുടിച്ച 500 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എല്ലാ അർഥത്തിലും യുക്രെയ്ൻ പൗരൻമാർ റഷ്യയെ പരമാവധി എതിർക്കുകയാണെന്നാണ് ഇതിൽനിന്നു മനസ്സിലാകുന്നതെന്നും കുറിപ്പിൽ പറയുന്നു.