അനുശ്രീയുമായി ചേർത്ത് വ്യാജപ്രചരണം, പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയരാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. രണ്ടുപേരും അവിവാഹിതർ. അതിനാൽ തന്നെ സമീപകാലത്തായി ഇരുവരും അഭിമുഖീകരിക്കുന്നൊരു ചോദ്യം വിവാഹത്തെ കുറിച്ചുള്ളതാണ്. അതേസമയം, അനുശ്രീയേയും ഉണ്ണി മുകുന്ദനെയും കെട്ടിക്കാൻ നടക്കുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കു താഴെ, നിങ്ങൾക്ക് തമ്മിൽ വിവാഹം കഴിച്ചുകൂടെ എന്ന കമന്റുകൾ സ്ഥിരമാണ്.

ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്ന ക്യാപ്ഷനുള്ള പോസ്റ്റാണ് നടൻ പങ്കുവെച്ചത്. ‘ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?’ എന്ന വ്യാജ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ ചോദിച്ചു. താരങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദന് പിന്തുണയുമായി നിരവധിയാളുകൾ എത്തി.

അതേസമയം, ‘ജയ് ഗണേഷ്’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ​ഗണേഷ്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് ജോമോളെത്തുന്നത്. അശോകൻ, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.