പോയത് നിഷയുടെ ക്ഷണം അനുസരിച്ച്, മോന്‍സണുമായി നേരിട്ട് ഒരു ബന്ധവുമില്ല, ഉപ്പും മുളകും താരങ്ങള്‍ പറയുന്നു

മോന്‍സണ്‍ മാവുങ്കലും സിനിമ-സീരിയല്‍ താരങ്ങളുമായി ചേര്‍ത്ത് നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. പല താരങ്ങള്‍ക്കുമൊപ്പമുള്ള മോന്‍സണിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒടുവില്‍ നടി നിഷ സാരംഗ് അടക്കമുള്ള ഉപ്പും മുളകും താരങ്ങള്‍ മോന്‍സണിനൊപ്പം ഉള്ള വീഡിയോ പുറത്ത് വന്നിരുന്നു.

നിഷ സാരംഗിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ദൃശ്യങ്ങള്‍ ആണ് ഒരു മാധ്യമം പുറത്തുവിട്ടത്. മോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ചടങ്ങില്‍ വച്ച് നിഷ കേക്ക് കട്ട് ചെയ്യുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ബിജു സോപാനം, റിഷി എസ് കുമാര്‍, ശ്രുതി ലക്ഷ്മി, ശ്രീ ലയ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഉപ്പും മുളകും ക്രൂ ആന്‍ഡ് ആര്‍ട്ടിസ്റ്റുകളും പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡോ. മോന്‍സണുമായി എന്താണ് ബന്ധം എന്നുള്ള ചോദ്യത്തിന് നേരിട്ട് അയാളുമായി യാതൊരു ബന്ധവും ഇല്ലെന്നും, നിഷയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ടീം മുഴുവനായും പോയിരുന്നു എന്നാണ് താരങ്ങള്‍ പറഞ്ഞത്. ഫാന്‍സ് സംഘടിപ്പിച്ച പരിപാടി എന്ന നിലയിലാണ് പോയത്, ഒരു ഡോക്ടര്‍ എന്ന രീതിയില്‍ മാത്രമേ അയാളെ അറിയൂ. ആദ്യമായും അവസാനമായും ആ പരിപാടിയില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത് എന്നും ബിജു സോപാനം അടക്കമുള്ള ഉപ്പും മുളകും താരങ്ങള്‍ പ്രതികരിച്ചു.

മോന്‍സണ്‍ അയല്‍വാസിയായിരുന്നുവെന്നും പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ആളെന്ന നിലയിലും നന്മപ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിയെന്ന നിലയിലുമാണ് തനിക്ക് അയാളില്‍ മതിപ്പുള്ളതെന്നും ആയിരുന്നു ബാല പ്രതികരിച്ചത്. എന്നാല്‍ ബാലയും മോന്‍സണും തമ്മില്‍ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന്, നടന്റെ ആദ്യഭാര്യയുടെ അഭിഭാഷകന്‍ പ്രേം രാജ് രംഗത്തുവന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

താനും ഡോ. മോന്‍സണുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സണുമായുള്ള ഏക ബന്ധം. ചെന്നൈയില്‍ ഒരു ഷൂട്ടില്‍ ആയിരുന്നു. അവിടെനിന്നു തിരികെ എത്തിയപ്പോഴാണ് വാര്‍ത്തകള്‍ അറിയുന്നത് അതിന്റെ ഷോക്കില്‍നിന്നു ഇപ്പോഴും മുക്തയായിട്ടില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.