ടൈംസ് സ്‌ക്വയറില്‍ മനുഷ്യരെ കടിച്ചുകീറി കൊല്ലാറില്ല, സ്വന്തം കണ്ണൂരിലാണ്‌ ഇതൊക്കെ

കോടികൾ മുടക്കി മുഖ്യമന്ത്രി പ്രസംഗിച്ച അമേരിക്കയിലെ ടൈംസ് സ്‌ക്വയറില്‍ തെരുവ്‌നായ്ക്കള്‍ ഇല്ല. മനുഷ്യരെ കടിച്ചുകീറി കൊല്ലാറില്ല..കണ്ണൂരിൽ അതും മുഖ്യമന്ത്രിയുടെ നാട്ടിൽ, വീടിനടുത്ത ഗ്രാമത്തിൽ മനുഷ്യനെ പട്ടി കടിച്ചു കീറി കൊല്ലുന്നു. ഈ സമയം സ്വന്തം നാട്ടിൽ പോലും എന്ത് സുരക്ഷയാണ്‌ നമുക്ക് ഉള്ളത്. കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ്കള്‍ കടിച്ചുകീറി കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കടുത്ത വിമർശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ.തിരുവനന്തപുരം ചെമ്പകരാമന്‍തുറയില്‍ ശിലുവമ്മ എന്ന പാവപ്പെട്ട മല്‍സ്യത്തൊഴിലാളി സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നതും മറക്കാൻ ആകില്ല എന്നും അദ്ദേഹം കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ടൈംസ് സ്‌ക്വയറില്‍ തെരുവ്‌നായ്ക്കള്‍ ഉള്ളതായി അറിയില്ല….!ഉണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യരെ കടിച്ചുകീറി കൊല്ലാറില്ല….കാരണം  അത്രയും ഹീനമായ ഒന്ന് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പരിഷ്‌കൃത സമൂഹത്തിലെ  ഭരണാധികാരികള്‍ക്കുണ്ടാവും…

‘ഏഴുവര്‍ഷമായി കേരളം ലോകോത്തരം’ എന്ന് പിണറായി വിജയന്‍ ടൈംസ് സ്‌ക്വയറില്‍ അവകാശപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്ക്കള്‍ കടിച്ചു കീറുകയായിരുന്നു…’കേരളത്തില്‍ ചിലത് നടക്കും’ എന്ന ഞെട്ടിക്കുന്ന സത്യം നാട് വീണ്ടും മനസിലാക്കുകയായിരുന്നു…ഏറ്റവും കുറഞ്ഞത് മനുഷ്യര്‍ക്ക് പേടികൂടാതെ വഴിനടക്കാനുള്ള, കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ പോവാനുള്ള, അന്തരീക്ഷമെങ്കിലും അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ ഉണ്ടോയെന്ന് ടൈംസ് സ്‌ക്വയറില്‍ ആരെങ്കിലും ചോദിക്കേണ്ടിയിരുന്നു..

2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റയുടനാണ് തിരുവനന്തപുരം ചെമ്പകരാമന്‍തുറയില്‍ ശിലുവമ്മ എന്ന പാവപ്പെട്ട മല്‍സ്യത്തൊഴിലാളി സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നത്..ഒരുവര്‍ഷത്തിന് ( 2017) ശേഷം അതേ പുല്ലുവിള തീരത്ത് ജോസ്‌ക്ലിന്‍ എന്ന മല്‍സ്യത്തൊഴിലാളിയുടെ ജീവന്‍ തെരുവുനായ്ക്കളെടുത്തു…ഇന്നും തിരുവനന്തപുരത്തിന്റെ തീരമേഖലയടക്കം സര്‍വയിടത്തും നായ്ക്കള്‍ കൊലവിളിയുയര്‍ത്തുന്നു….കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ തെരുവുനായകള്‍ കടിച്ചുകൊന്നത് എട്ടുപേരെയാണ്..

പാര്‍ക്കുകളും വിനോദസഞ്ചാരകേന്ദ്രങ്ങളുമെല്ലാം നായ്ക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു..നഗരങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യം അവയ്ക്ക്  വീര്യംകൂട്ടുന്നു..ലോകത്തിന് മുന്നില്‍ കേരളം അപമാനിതമാവുമ്പോള്‍ മുഖ്യമന്ത്രിയുടെ ഗീര്‍വാണങ്ങള്‍ മാത്രം ബാക്കി…!’മൃഗങ്ങളുടെ ജനനനിയന്ത്രണനിയമങ്ങള്‍ 2023′ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ട് രണ്ടുമാസമായി ..ഇതനുസരിച്ച് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണം.. തെരുവുനായ ആക്രമണം മൂലം ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവരുത്…