ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്, കേരളത്തിന്റെ ശത്രുക്കളാണ് മരക്കാറിനെതിരെ ക്വട്ടേഷന്‍ എടുത്തതു പോലെ പെരുമാറുന്നത് ; വി.എ.ശ്രീകുമാർ മേനോൻ

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മരക്കാറിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. സിനിമയുടെ വലിപ്പം തന്നെ അമ്പരിപ്പിച്ചുവെന്നും ഇത്രയും വലിയ പ്രൊജക്ടിനെ നയിക്കാന്‍ പ്രിയദര്‍ശനല്ലാതെ മറ്റാര്‍ക്ക് കഴിയുമെന്നും പറഞ്ഞു.
തിയറ്ററിലും സോഷ്യല്‍ മീഡിയയിലും മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങള്‍ പ്രത്യേകതരം മാനസികാവസ്ഥയുടെ ശബ്ദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെട്ടിയിട്ട വാഴത്തണ്ടു പോലെ- എന്ന ഡയലോഗ് സിനിമയില്‍ ഏറ്റവും വൈകാരികമായി ഉപയോഗിക്കപ്പെട്ടതാണെന്നും ആ നിമിഷത്തില്‍ ചിരിക്കാന്‍ തോന്നുന്ന മാനസികാവസ്ഥ ഉണ്ടാകുന്നവരോട് കടപ്പാടുള്ളവര്‍ തീര്‍ച്ചയായും മെഡിക്കലായ പരിഹാരത്തിന് ശ്രമിക്കണമെന്നും ശ്രീകുമാര്‍ പറഞ്ഞു. മരക്കാറിന്റെ തിയറ്റര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ച ശ്രീകുമാര്‍ സംവിധായകനായ പ്രിയദര്‍ശനേയും പ്രശംസിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. വലിയ ഹൈപ്പുമായി ഇറങ്ങിയ ചിത്രം എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. സിനിമക്കെതിരെ വന്‍തോതില്‍ സൈബര്‍ ആക്രമണവും നടന്നു.

മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മരക്കാര്‍: അറബിക്കടലിന്റെ സിംഹം കണ്ടു. സിനിമയുടെ വലിപ്പം അമ്പരപ്പിച്ചു. സിനിമ വലിയ വിജയമാകുന്നു എന്നറിയുന്നതില്‍ സന്തോഷം. മലയാള സിനിമയുടെ ഒന്നാമതുകളില്‍ എല്ലാം മോഹന്‍ലാലാണ്. ആദ്യ 100 കോടി സിനിമ, 200 കോടി സിനിമ, 365 ദിവസം ഓടിയ ചിത്രം- എല്ലാം. ആ ചരിത്രം മരക്കാറിലും ആവര്‍ത്തിക്കുന്നു. സ്‌ക്രീനില്‍ മറ്റു താരങ്ങള്‍ക്ക് ഇടം കൂടുതല്‍ കിട്ടുന്നതില്‍ പരിഭവിക്കുന്നയാളല്ല ലാലേട്ടന്‍. മരക്കാറില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. തിരുവിന്റെ ക്യാമറ, വിഷ്വല്‍ എഫക്ട്സ്, മ്യൂസിക്. ഇത്രയും വലിയ പ്രൊജക്ടിനെ നയിക്കാന്‍ പ്രിയദര്‍ശനല്ലാതെ മറ്റാര്‍ക്ക് സാധിക്കും; ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കും!

ലാലേട്ടന്റെ ഫാന്‍ബോയ് സിനിമയേ അല്ല മരക്കാര്‍. ആ പ്രതീക്ഷയോടെ തിയേറ്ററില്‍ പോകാതിരിക്കുക എന്നതാണ് മരക്കാര്‍ ആസ്വദിക്കാനുള്ള മാര്‍ഗ്ഗം.
മലയാള സിനിമയ്ക്ക് ലോകത്താകമാനം റിലീസിങ്ങ് സ്‌ക്രീനുകള്‍ ഉണ്ടാകുന്നത് കൂടുതല്‍ വലിയ സിനിമകള്‍ക്ക് കാരണമാകും. ഒ.ടി.ടി- തിയറ്റര്‍ എന്നിങ്ങനെ കൂടുതല്‍ വിശാലമായ സാധ്യതയാണ് സിനിമകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരേ ദിവസം നാല്‍പ്പതോളം രാജ്യങ്ങളില്‍ മലയാള സിനിമ റിലീസ് ചെയ്യുന്നു. ഹോളിവുഡ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നതു പോലെ മലയാളം അവിടെയും. ഒരുപാട് പ്രദര്‍ശനങ്ങള്‍ നമുക്ക് കിട്ടുന്നു. മുന്‍പൊക്കെ തമിഴ്നാട്ടില്‍ നൂണ്‍ഷോയ്ക്ക് പ്രദര്‍ശനം കിട്ടിയാലായി എന്നതു മാറി ഇരുന്നൂറോളം തിയറ്ററുകള്‍ നമുക്ക് കിട്ടുന്നു.

തമിഴ്- തെലുങ്ക്- ഹിന്ദി സിനിമകള്‍ കേരളത്തില്‍ നിന്ന് കളക്ട് ചെയ്യുന്നതില്‍ കുറച്ചെങ്കിലും മലയാളത്തിനും അവിടെ നിന്നെല്ലാം ലഭിക്കുന്നു. ഒ.ടി.ടിയിലൂടെ മലയാളികള്‍ മാത്രമല്ലാതെ പ്രേക്ഷകര്‍ പെരുകുകയാണ്. മൂവി ബിസിനസിലും അവസരങ്ങളുടെ കാര്യത്തിലും ഈ നേട്ടം നാടിന് ഗുണകരമാണ്.

സ്മാര്‍ട് ഫോണ്‍ അടക്കമുള്ള സ്‌ക്രീനുകള്‍ക്കോ സ്പീക്കറുകള്‍ക്കോ തരാനാവാത്ത ദൃശ്യ- ശ്രാവ്യ അനുഭവം നല്‍കുന്ന സിനിമകള്‍ക്കാകും ഇനി തിയറ്ററില്‍ കൂടുതല്‍ സാധ്യത. സിനിമ കാഴ്ചയ്ക്കപ്പുറം അനുഭവമായി മാറണം. സാങ്കേതികമേന്മയുള്ള സിനിമകള്‍ക്കു മാത്രമേ തിയറ്ററുകളെ ആ നിലയ്ക്ക് നിലനിര്‍ത്താനാകു. മരക്കാര്‍ ആ നിലയ്ക്ക് തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമയാണ്. വാനപ്രസ്ഥവും കാലാപാനിയും യാഥാര്‍ത്ഥ്യമായത് മോഹന്‍ലാല്‍ എന്ന നിര്‍മ്മാതാവ് ഉണ്ടായതിനാലാണ്.

സിനിമയില്‍ നിന്ന് സമ്പാദിച്ചത് സിനിമയില്‍ നിക്ഷേപിക്കുന്ന ലാലേട്ടന്‍. ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരം നേടിയ വാനപ്രസ്ഥമടക്കം, ലാലേട്ടന്‍ അക്കാലത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമകള്‍ എന്നും ഭാഷയ്ക്ക് അഭിമാനമാണ്.
തിയറ്ററിലും സോഷ്യല്‍ മീഡിയയിലും മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങള്‍ ആരുടേതാണ് എന്നാണ് സിനിമ കഴിഞ്ഞപ്പോള്‍ ചിന്തിച്ചത്. അത് കേരളത്തിന്റെ പൊതുശബ്ദമായി കരുതാനില്ല. പ്രത്യേകതരം മാനസികാവസ്ഥയുടെ ശബ്ദമാണത്. കൊലവിളിയാണത്. ബോധപൂര്‍വ്വമായ കടന്നാക്രമണം ഒരു ബിസിനസ് സംരംഭത്തിന് എതിരെ നടക്കുമ്പോള്‍, അതിനെ ചെറുക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്.
എനിക്ക് ഇഷ്ടപ്പെടാത്തത് മറ്റാരും കാണണ്ട, എന്ന നിലയ്ക്കാണ് ഹിംസാത്മകമായ ആക്രോശം ഉയരുന്നത്.