വാക്‌സിന്‍ അമൂല്യം, യുദ്ധങ്ങള്‍ വരെ നടന്നേക്കാം; മുന്നറിയിപ്പുമായി ഡോ.സി വി ആനന്ദ ബോസ്

വില കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി രാജ്യത്തെ വാക്‌സിന്‍ കമ്പനികള്‍ക്കെതിരായി ശബ്ദമുയര്‍ത്തുന്നതിന് പകരം പരസ്പരം യോജിച്ചു നിന്ന് ഈ മഹാ വിപത്തിനെ നേരിടുകയാണ് വേണ്ടതെന്ന് ദില്ലിയിലെ നയ രൂപീകരണ സമിതി കോഡിനേറ്റർ ഡോ.സി വി ആനന്ദ ബോസ്. വാക്‌സിന്‍ നല്‍കുന്നതിന് പകരമായി ഫൈസര്‍ കമ്പനി ബ്രസീല്‍ അര്‍ജന്റീന എന്നി രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത് സര്‍വ്വാധികാരവും എഴുതിത്തരണമെന്നാണ്. ഇന്ത്യയ്ക്ക് അങ്ങനെയൊരു ഗതികേട് ഉണ്ടാകാതിരുന്നത് ഇവിടെ ഇന്ത്യന്‍ കമ്പനികള്‍ തന്നെ നിര്‍മ്മിച്ച വാക്‌സിനുകള്‍ ഉള്ളതുകൊണ്ടാണെന്നും കര്‍മ്മാ ന്യൂസിനോട് സംസാരിക്കവെ ഡോ. ആനന്ദ് ബോസ് പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിലെ നയരൂപീകരണ സമിതി കോ ഓർഡിനേറ്റർ കൂടിയായ ഡോ. സി വി ആനന്ദബോസ് കർമ്മ ന്യൂസിന് നൽകിയ എക്സ്ക്ലസിവ് ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണിത്. കേന്ദ്ര ഗവണ്മെന്റിനെതിരെ വാക്‌സിൻ വിലയേയും ആശുപത്രികളിലെ സൗകര്യങ്ങളെയും കുറിച്ചും ഓക്സിജൻ ക്ഷാമത്തെക്കുറിച്ചും വ്യാപകമായ പ്രതിഷേധങ്ങൾ അലയടിക്കുന്ന സന്ദർഭത്തിലാണ് ഡോ. സി വി ആനന്ദബോസിന്റെ ഈ വെളിപ്പെടുത്തൽ. വാക്‌സിൻ കമ്പനികൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ വാക്‌സിന്റെ ഉയർന്ന വിലയെപ്പറ്റിയും പല വിലകൾ ഈടാക്കുന്നതിനെപ്പറ്റിയുമെല്ലാം ചോദിച്ചപ്പോഴാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.

ഡോ. ആനന്ദ് ബോസിന്റെ വാക്കുകള്‍: ‘ഒരു കാര്യം നാം ഓര്‍മിക്കണം. അമ്മയുടെ മുഖത്തടിച്ചു കളിക്കരുത്. നമ്മുടെ രാജ്യത്തുണ്ടാക്കിയ വാക്സിന്‍ കമ്പനികള്‍ക്കെതിരായി നാം ശബ്ദിക്കുന്നു. അവരുടെ വാക്സിന് വില കൂടുതലാണ് തുടങ്ങി പല ആരോപണങ്ങളുമുണ്ട്. പക്ഷെ ഒരു കാര്യം നാം മറക്കുന്നു. നമ്മുടെ രാജ്യത്ത് വാക്സിന്‍ ഇല്ലാതിരുന്ന സമയത്തു വാക്സിന്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇല്ലായിരുന്നെങ്കിലോ ഫൈസര്‍ കമ്പനിയുടെ കാര്യമെടുക്കുക. ഇന്ന് ലോകം മുഴുവന്‍ അറിയുന്ന കാര്യമാണ്.

ഫൈസര്‍ കമ്പനി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍ അര്‍ജന്റീന എന്നി രാജ്യങ്ങളോട് പറഞ്ഞിരിക്കുന്നത് ഞങ്ങളുടെ വാക്സിന്‍ അവിടെ എത്തിക്കണമെങ്കില്‍ ഞങ്ങള്‍ പറയുന്ന വില തന്നാല്‍ മാത്രം പോരാ നിങ്ങളുടെ സര്‍വ്വാധികാരം ഞങ്ങള്‍ക്കായി എഴുതി തരണം. ഞങ്ങളെ നിങ്ങളുടെ രാജ്യത്തെ നിയമങ്ങളില്‍ നിന്നും വിമുക്തമാക്കണം. നിങ്ങളുടെ രണ്ടു മിലിറ്ററി ബേസും എംബസ്സികളും ഞങ്ങള്‍ക്ക് ഈട് നല്‍കണം. ഇങ്ങനെയൊരു ഗതികേട് ഇന്ത്യക്കുണ്ടാകാത്തതിന് കാരണം ഇന്ത്യയില്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുന്ന വാക്സിന്‍ ഉള്ളത് കൊണ്ടാണ്. അവര്‍ക്കു വാക്സിന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് കൊണ്ടാണ്. അതുകൊണ്ടു നാം വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണിത്.

രണ്ടാമതായി നമുക്ക് നമ്മില്‍ തന്നെ വിശ്വാസമില്ല മതിപ്പില്ല. അമേരിക്കന്‍ വൈറ്റ ഹസ്സിലെ ആരോഗ്യവിഭാഗത്തിന്റെ തലവന്‍ പറയുന്നു ഇന്ത്യയുണ്ടാക്കിയ കോവാക്സിന്‍ ജനിതക മാറ്റം വന്ന കോവിഡിനെതിരെയും ഫലപ്രദമാണെന്ന്. അപ്പോള്‍ നമ്മുടെ ആന്തരിക ശക്തി നാം തന്നെ കുറച്ചു കാണരുത്. നമുക്കിവിടെ നമ്മുടെ തന്നെ വാക്സിന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി എന്താകുമായിരുന്നെന്നു ഫൈസറിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് നാം കുറച്ചൂടെ ഇന്‌ട്രോസ്പെക്ഷന്‍ നടത്തേണ്ടതുണ്ട്. നമുക്ക് നമ്മുടെ ശക്തിയില്‍ അഭിമാനിക്കാം. പരസ്പരം യോജിച്ചു നില്‍ക്കാം. ഈ മഹാ വിപത്തിനെ ഒന്നിച്ചു നിന്ന് കൈകാര്യം ചെയ്യാം.’