‘മരിച്ചുപോകുമ്പോള്‍ അറിയാം, പടച്ചവന്‍ മുകളിലുണ്ടല്ലോ’; തട്ടമിടാത്ത മലപ്പുറം സബ് കലക്ടര്‍ക്ക് നേരെ സൈബര്‍ ആക്രമണം

മലപ്പുറം ജില്ലാ സബ് കലക്ടറായി സ്ഥാനമേറ്റ സഫ്‌ന നസറുദ്ദീനെ മത വിശ്വാസവും മര്യാദയും പഠിപ്പിക്കുന്ന തിരക്കിലാണ് സൈബര്‍ ലോകത്തെ മതവാദികള്‍. ഇസ്ലാം മത വിശ്വാസിയായ സ്ഥാനമേല്‍ക്കാനെത്തിയത് തട്ടമിടാതെയാണ് എന്ന യാഥാര്‍ത്ഥ്യമാണ് തീവ്ര മതവാദികളെ പ്രകോപിപ്പിച്ചത്. വാര്‍ത്തയും സഫ്‌നയുടെ ചിത്രവും പ്രസിദ്ധീകരിച്ച സകല മാധ്യമ വാര്‍ത്തകള്‍ക്കു താഴെയും മര്യാദ പഠിപ്പിക്കുന്ന കമന്റുകളുമായി മതവാദികള്‍ എത്തിയിട്ടുണ്ട്. പതിവുപോലെ ആക്ഷേപവും അശ്ലീലവും ചേര്‍ത്താണ് സൈബര്‍ ആക്രമണം നടക്കുന്നത്.

‘ഒരു മുസ്ലിം മത വിശ്വസിയായ സ്ത്രീ ആണെങ്കില്‍ തലയില്‍ തട്ടമിട്ടു മുടി മറക്കുക തന്നെ വേണം. അത് പറയുമ്പോള്‍ ഫെമിനിച്ചികളും അന്തവിശ്വാസികളും തുള്ളേണ്ട’ എന്നാണ് ഒരാളുടെ കമന്റ്. ‘ചെറുപ്പം മുതല്‍ തട്ടമിട്ട് ശീലമുള്ളവരാണെങ്കില്‍ അവര്‍ എത്ര വലിയ പൊസിഷനിലായാലും തട്ടമിട്ടിരിക്കും’ എന്നാണ് മറ്റൊരു കമന്റ്. ‘സമുദായത്തെ പറയിപ്പിക്കാതെ നിങ്ങള്‍ക്കൊരു തട്ടമിട്ടുകൂടേ’ എന്നാണ് ഇനിയൊരാള്‍ ആകുലത പങ്കുവെച്ചിരിക്കുന്നത്. ‘മരിച്ചുപോകുമ്പോള്‍ അറിയാം, പടച്ചവന്‍ മുകളില്‍ ഉണ്ടല്ലോ’ എന്നും കമന്റുണ്ട്.

തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസഫുദ്ദീന്റേയും എഎന്‍ റംലയുടേയും മകളാണ് സഫ്‌ന. പരിശീലനം പൂര്‍ത്തിയാക്കിയ സഫന്യുടെ ആദ്യ നിയമനമാണ് മലപ്പുറത്തേത്. 2019 ബാച്ചില്‍, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ അഖിലേന്ത്യാ തലത്തില്‍ 45ാം റാങ്കും കേരളത്തില്‍ മൂന്നാം റാങ്കും കരസ്ഥമാക്കിയാണ് സഫ്‌ന തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്. തിരുവനന്തപുരത്താണ് സഫ്‌ന ഐഎഎസ് പരിശീലനം നടത്തിയത്. സിബിഎസ്ഇ ആള്‍ ഇന്ത്യാ ലെവലില്‍ ഒന്നാം റാങ്കോടെയാണ് സഫ്‌ന പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡറായാണ് ബിരുദം പൂര്‍ത്തിയാക്കിയതും.