സ്വര്‍ണക്കടത്ത് കേസ് ; സിബിഐ അന്വേഷണത്തെ എന്തിന് ഭയക്കുന്നു ?, ലൈഫ് മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇവരുടെ ലോക്കറില്‍നിന്ന് കിട്ടിയ പണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

ശിവശങ്കർ ആദ്യം സ്വര്‍ണ കള്ളക്കടത്തുകേസില്‍ 100 ദിവസം ജയിലില്‍ കിടന്നു. ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലും അറസ്റ്റിലായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അഴിമതികള്‍ മുഴുവന്‍ നടന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരു വ്യക്തത നല്‍കണം – സതീശന്‍ പറഞ്ഞു.

നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും സതീശന്‍ ചോദിച്ചു. കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനും സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സന്തോഷ് ഈപ്പന്റെയൊപ്പം സംസ്ഥാന സര്‍ക്കാരും സി.ബി.ഐ. അന്വേഷണത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.