ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, 780 എംപിമാരിൽ വോട്ട് ചെയ്തത് 725 പേർ vice president election

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ തുടങ്ങി. 780 എംപിമാരിൽ 725 പേർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. അസുഖബാധിതർ ആയതിനാൽ രണ്ട് ബിജെപി എംപിമാർ വോട്ട് ചെയ്തില്ല. അഞ്ഞൂറിലധികം വോട്ട്  ലഭിക്കാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്‍ദീപ് ധൻകർ വിജയം ഉറപ്പിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണി വരെ തുടര്‍ന്നിരുന്നു. പിന്നാലെ തന്നെ വോട്ടെണ്ണലും ആരംഭിക്കുകയായിരുന്നു.

ഇന്നുതന്നെ ഫലം പ്രഖ്യാപിക്കും. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടത്.  സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.

പാര്‍ലമെന്റിൽ അറുപത്തിമൂന്നാം നമ്പർ മുറിയില്‍ ഒരുക്കിയ പോളിങ് ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‍‍നാഥ് സിങ് തുടങ്ങിയവരും വോട്ട് ചെയ്തു. രാജ്യസഭയിലേയും ലോക‍്‍സഭയിലേയും എംപിമാർക്കാണ് (നോമിനേറ്റ് ചെയ്യപ്പെട്ടവ‌‍‍‍ർ ഉള്‍പ്പെടെ)  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

8 പേരുടെ ഒഴിവുകള്‍ ഉള്ളതിനാൽ 780 എംപിമാർക്കാണ് ആകെ വോട്ടവകാശം. എ‍ൻഡിഎക്ക് പുറത്ത് ബിജെഡി (BJD), വൈഎസ്ആർ കോണ്‍ഗ്രസ് (YSR CONGRESS), ബിഎസ്‍പി (BSP), ടിഡിപി (TDP) തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയും ജഗ്‍ദീപ് ധൻകറിനുണ്ട്. എന്നാല്‍ ഐക്യമുണ്ടാക്കാൻ കഴിയാതെ പോയ പ്രതിപക്ഷത്തിന് മാര്‍ഗരറ്റ് ആല്‍വക്കായി 200 വോട്ട് മാത്രമേ ഉറപ്പിക്കാനായിട്ടുള്ളു. ടിആ‍ർഎസ് (TRS), ആം ആദ്‍മി പാര്‍ട്ടി (AAP), ജെഎംഎം (JMM), ശിവസേനയിലെ (Shivsena) 9 എംപിമാർ എന്നിവർ മാര്‍ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സമാനമായി ക്രോസ് വോട്ടിങ് നടക്കുമോയെന്ന ആശങ്ക പ്രതിപക്ഷത്തിന് ഉണ്ട്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾക്കിടയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി  മുന്നിലുള്ളത്. പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ബിജെപിക്കും എൻഡിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ അദ്ദേഹം ഇതിനോടകം വിജയമുറപ്പിച്ച് കഴിഞ്ഞു. അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്.

മുൻ കേന്ദ്ര മന്ത്രി കൂടിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്രാ ജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു.