വാക്ക്മാനും കാസറ്റ് പ്ലേയറും ഉപയോ​ഗിക്കുന്നവരുണ്ടോ?, കാസറ്റ് ഇറക്കിയാൽ ആരെങ്കിലും വാങ്ങുമോ എന്ന് വിനീത്, സഞ്ജു മറുപടി വൈറലാകുന്നു

കാസ്റ്റുകൾ എന്ന് കേട്ടാൽ പുതുതലമുറയ്ക്ക് മ്യൂസിയത്തിൽ ഇരിക്കുന്ന വസ്തുവെന്ന് മാത്രമാകും അറിയുക. കാസ്റ്റിനെ ക്കുറിച്ച് അറിയാൻ ​ഗൂ​ഗിളിലും തിരക്കേണ്ടി വരും. കുറച്ചു കാലം മുൻപ് വരെ സം​ഗീത പ്രേമികളുടെ ഇടയിൽ നിറയെ കാസറ്റുകൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാട്ടുകളെല്ലാം വിരൽത്തുമ്പിൽ ആയപ്പോൾ കാസറ്റുകൾ മൺമറഞ്ഞു.

എന്നാൽ കാസറ്റിലേക്ക് ഇന്നത്തെ തലമുറ തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരം ആരാധകരോട് ഈ അഭിപ്രായം ആരാഞ്ഞത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ. നിങ്ങളോട് കുറച്ച് നാളുകളായി ഇത് ചോദിക്കണം എന്ന് വിചാരിക്കുന്നു. ഞങ്ങളുടെ സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാൽ ആരെങ്കിലും വാങ്ങാൻ തയാറാകുമോ?

ചില വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകൾ തിരിച്ചുവരുമെ‌ന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പഴയ കാലത്തെപ്പോലെ ഫിസിക്കൽ കോപ്പികൾ സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ടോ? പാട്ടുകൾ കേൾക്കാൻ വാക്ക്മാനും കാസറ്റ് പ്ലേയറും ഇപ്പോഴും ഉപയോ​ഗിക്കുന്നവരുണ്ടോ? ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അഭിപ്രായങ്ങൾ അറിയുന്നതിനു വേണ്ടിയാണ് ഞാനിത് ചോദിക്കുന്നത്“, എന്നായിരുന്നു വിനീത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് വിനീതിന്റെ കുറിപ്പിനോട് പ്രതികരിച്ചത്. അതിനിടയിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. “നിങ്ങൾ കാസറ്റുകൾ പുറത്തിറക്കുകയാണെങ്കിൽ ഞാൻ ഒരെണ്ണം ഉറപ്പായും വാങ്ങും“, എന്നായിരുന്നു സഞ്ജു കുറിച്ചത്.