വലതുകൈയ്യുടെ വൈകല്യം, അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് ഭയന്ന് കരഞ്ഞു,സുരാജ് വൈഞ്ഞാറമ്മൂട്

ഹാസ്യനടനായി മലയാളത്തിലേക്ക് വന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ഇന്ദ്രൻസ് തുടങ്ങിയവരിലൂടെ ഹാസ്യവേഷങ്ങൾ കൈമാറി വന്ന മലയാള സിനിമ സുരാജിലും എത്തി നിന്നു. ഏറെ ചിരിപ്പിച്ച താരം ഒരു കാലത്ത് ഹാസ്യ നടൻ എന്ന പേരിൽ മാത്രം മുദ്രകുത്തപ്പെട്ടു. പിന്നീട് അവിടെ നിന്ന് സംസ്ഥാന നടനുള്ള അവാർഡ് നേടിയ സുരാജിന്റെ വളർച്ച മലയാളി കണ്ടതാണ്.

മൂന്നോറോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞ സുരാജിന്റെ ശേഖരത്തിൽ ഒരു ദേശീയ അവാർഡും നാല് സംസ്ഥാന അവാർഡുകളുമുണ്ട്. മൂന്ന് സംസ്ഥാന അവാർഡുകൾ മികച്ച കൊമേഡിയനെന്ന നിലയിൽ കിട്ടിയതാണെങ്കിൽ ദേശീയ പുരസ്കാരം ഏറ്റവും മികച്ച നടനുള്ളത് തന്നെയാണ്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി കിട്ടിയത് ഇപ്പോഴാണ്. തന്റെ വൈകല്യത്തെ മറച്ചുവെച്ച് അഭിനയിച്ച എന്ന നേട്ടം കൂടി സുരാജിനുണ്ട്.

ചെറുപ്പത്തിൽ സംഭവിച്ച അപകടം. ഈ അപകടം കാരണം സുരാജിന്റെ വലതുകൈക്ക് വൈകല്യം സമ്മാനിച്ചു. എന്നാൽ ഇങ്ങനെയുള്ള ഒരു വൈകല്യം സിനിമയിൽ പ്രകടമാകാതെ അഭിനയിച്ച സുരാജിന്റെ കഴിവ് എടുത്തുപറയേണ്ട ഒന്നാണ്. ഒരു പക്ഷേ സുരാജിന് ഇത്തരമൊരു വൈകല്യം ഉണ്ടായ കഥ ഇപ്പോൾ പോലും പലർക്കും അറിയില്ല. പത്താംക്ലാസ് റിസൽട്ടു വന്ന അന്നാണ് സൈക്കിളിൽ നിന്ന് വീണ് കൈയൊടിയുന്നത്. തുടർന്ന് മൂന്ന് സർജറി വേണ്ടിവന്നു. അതോടെ കൈ നിവർത്താനും മടക്കാനും പറ്റാത്ത പരുവത്തിലായി.

ഭക്ഷണം കഴിക്കുമ്പോഴും മറ്റും പ്രയാസമുണ്ട്. സുരാജിനല്ലേ കൈക്ക് പ്രശ്നമുള്ളൂ. ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കില്ലല്ലോ? എന്നാണ് സുരാജ് പറയുന്നത്. അതിനാൽ തന്നെ ഈ വൈകല്യം ബി​ഗ്സ്ക്രീനിൽ ഇതുവരെ പ്രകടമായിട്ടില്ല. മിമിക്രിക്കൊക്കെ പോവുന്ന സമയത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഞാൻ ഇങ്ങനെ ചോറ് വാരിത്തിന്നുമ്പോൾ കാണുന്നവർ ചിരിക്കുമെന്നും ഓ, കോമഡി, കോമഡി’ എന്നവർ പറയുമെന്നും സുരാജ് സങ്കടത്തോടെ പറയുന്നു. മുതിർന്നതിനുശേഷം ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ‘ കഴിവുള്ള പയ്യനാണ്. പക്ഷേ, പാഴായിപ്പോയി. കണ്ടില്ലേ. തല നേരെനിക്കുന്നില്ല അടിച്ചു ഫിറ്റാണ്’ – അപ്പോഴും ഞാൻ തിരുത്താനോ പ്രതികരിക്കാനോ പോവാറില്ല. അത് ശീലമായെന്നും സുരാജ് പറയുന്നു.

സിനിമയിൽ അഭിനയിക്കുമ്പോൾ കൈയുടെ പ്രശ്നം പ്രകടമാവാതെ നോക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഒപ്പം അഭിനയിക്കുന്നവർക്കുപോലും സുരാജിന് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നു. ആരെങ്കിലും ചവിട്ടിത്തെറിച്ചുവീഴുന്ന രംഗങ്ങളിലൊക്കെ കൈ എവിടെയെങ്കിലും ഇടിക്കുകയൊക്കെ ചെയ്യുമ്പോൾ നല്ല വേദനയുണ്ടാവും. കാരണം കൈക്കുള്ളിൽ നിറയെ സ്റ്റീൽക്കമ്പികളെന്ന് താരം പറയുന്നു. തുടക്കത്തിൽ അത് പുറത്തുപറയാൻ കഴിയാത്തതുകൊണ്ട് സുരാജ് മാറിനിന്നു കരയുമായിരുന്നു. ഇക്കാര്യം മറ്റുള്ളവർ അറിഞ്ഞാൽ അവസരങ്ങൾ നഷ്ടമാവുമെന്നായിരുന്നു അന്നത്തെ ഭയമെന്നും സുരാജ് വ്യക്തമാക്കുന്നു.