ഉപ്പാന്റെ റസിയ മോൾ എയർ ഹോസ്റ്റസായി, ആകാശത്ത് പാറിപ്പറന്ന് നടക്കുന്നു- വിനോദ് കോവൂർ

ഹാസ്യ പാരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂർ. എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വിദോദ് ഏറെ ശ്രദ്ധയാകർഷിച്ചത്. നാടക രംഗത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. എം 80 മൂസ എന്ന പരമ്പരയിൽ വിനോദിന്റെ മകളായി അഭിനയിച്ച അഞ്ജുവിന്റെ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്. ആഗ്രഹിച്ചത് പോലെ തന്നെ അഞ്ജു എയർഹോസ്റ്റസായിരിക്കുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി അവൾ മാനത്തൂടെ പാറിപ്പറന്ന് നടക്കുകയാണെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം. തിരക്കുകൾക്കിടയിൽ കലാജീവിതവും അഞ്ജു കൃത്യമായി മുന്നോട്ട് കൊണ്ടുപോവുന്നുണ്ടെന്ന് വിനോദ് കോവൂർ സോഷ്യൽ‌ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

വലിയ ഒരു ഇടവേളക്ക് ശേഷം M80 മൂസയിലെ എന്റെ മകൾ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ . കൂടുതൽ നേരവും ആകാശത്താണ് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു. M80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോൾ ആദ്യമായ് എന്റേയും സുരഭിയുടേയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം വിമാനത്തിലെ എയർ ഹോസ്റ്റസ് മാരെ കണ്ടപ്പോ ഓൾക്കും മനസിൽ ഒരാഗ്രഹം ഉദിച്ചു എയർ ഹോസ്റ്റസ് ആകണമെന്ന് . എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുമോന്ന് . ധൈര്യമായ് മുന്നേറി കൊള്ളാൻ ഞങ്ങൾ പറഞ്ഞു.

അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായ് അവൾ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ് അഭിമാനമാണ്. എയർ ഹോസ്റ്റസ് ആയിട്ടും കലയെ മോൾ ഉപേക്ഷിച്ചില്ല ട്ടോ . റസിയ നായികയായ് വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് നില്ക്കുകയാണ് ജനുവരിയിൽ റിലീസ് ഉണ്ട് .ഇന്ന് പരസ്പരം കണ്ടപ്പോൾ മൂസ ഷൂട്ടിംഗ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു 14 ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട് എന്നിട്ട് 17 ന് തിരിച്ചും . ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു തിരിച്ച് വരുന്ന ഫ്ലൈറ്റിൽ മിക്കവാറും അവൾ ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന് . ആകാശത്തിൽ വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ. മൂസക്കായിന്റെ പൊന്നുമോൾ റസിയ