ഒരുപാട് സന്തോഷം തന്ന ദിനം, ബാലിക സദനത്തിലെ കുട്ടികളെ സന്ദർശിച്ച്‌ വിനോദ് കോവൂർ

നാടക രംഗത്തിലൂടെ അഭിനയലോകത്ത് എത്തി മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂർ. മുപ്പത് വർഷത്തോളമായി കലാരംഗത്ത് സജീവമായ വിനോദ് മഴവിൽ മനോരമ ചാനലിൽ പ്രദർശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. എന്നാൽ, മീഡിയ വൺ ടെലിവിഷൻ ചാനലിലെ എം80 മൂസ എന്ന കഥാപാത്രമാണ് പ്രേക്ഷക മനസ്സിൽ വിനോദിന് ഇടം നേടി കൊടുത്തത്. ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് വിനോദ് കോവൂർ.

കോഴിക്കോട് സേവാഭാരതി ബാലികാ സദനത്തിലെ കുട്ടികളെ കാണാനെത്തിയിരിക്കുകയാണ് അദ്ദേഹം. അവധി ദിനമായ ഇന്നലെയായിരുന്നു സന്ദർശനം. ഇതിന്റെ ചിത്രവും വിനോദ് കോവൂർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഒരുപാട് സന്തോഷം തന്നു ദിനമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സുരക്ഷിതമായ അഭയം നൽകുന്നതിനായി 2005-ലാണ് സേവാഭാരതി ബാലിക സദനം രൂപീകരിച്ചത്. കോഴിക്കോട് ജില്ലയിലെ ചേറ്റുവയിലെ മൂഴിക്കലിലാണ് സ്ഥാപനം പ്രവർ‌ത്തിക്കുന്നത്. 40 അന്തേവാസികളാണ് ഇവിടെയുള്ളത്.