ആ പാട്ട് പാടിയത് ഷഹ്ല തന്നെയാണോ, വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

കൽപ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഷഹ്ലയുടെത് എന്ന പേരിൽ ഒരു വിഡിയോ പ്രചരിച്ചിരുന്നു. നിരവധി പേരാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ഷഹ്ലയെ പോലെ ഒരു കുട്ടി പാട്ട് പാടുന്ന ദൃശ്യമായിരുന്നു അത്.

‘വയനാട് പാമ്പ് കടിയേറ്റ് മരണമടഞ്ഞ ഷെഹലയുടെ കണ്ണ് നയിപ്പിക്കുന്ന ഗാനം. ആ വരികൾ പോലെ ആയിപ്പോയല്ലോ മോളെ,

കണ്ണുനീരിൽ കുതിർന്ന പ്രണാമം…..’

എന്ന അടിക്കുറിപോടെ ആണ് വിഡിയോ പ്രചരിക്കുന്നത്. ഒരു വിദ്യാർഥിനി സ്കൂൾ വരാന്തയിൽ നിന്നുകൊണ്ട് പാടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഷെഹ്‌‌ലയാണിതെന്ന് കരുതി സമൂഹമാധ്യമങ്ങളില ഷെയറിങ് തുടർന്നു കൊണ്ടെയിരിക്കുന്നു. എന്നാൽ ഷേഹ്‌ല അല്ല ഇൗ കുട്ടി എന്നതാണ് സത്യം

മുഖ സാദൃശ്യമുണ്ടെങ്കിലും ഈ കുട്ടി ഷെഹ് ലയല്ല. വയനാട് ജില്ലക്കാരി തന്നെയായ ചുണ്ടേൽ സ്വദേശി ഷഹ്‌‌ന ഷാജഹാനാണ് വീഡിയോയിൽ ഉള്ളത്.

നിലവിൽ വയനാട് മുട്ടിൽ സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുയാണ് ഷഹ്ന. സമൂഹമാധ്യമങ്ങളിൽ പഴയ പാട്ട് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിവരം അധ്യാപകരാണ് ഷഹ് നയെ അറിയിച്ചത്. വ്യാജ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ഷഹ്നയുടെ കുടുംബം.

അതേസമയം സ്‌കൂളുകളുടെ സുരക്ഷ പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കി. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് വയനാട് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും പരിശീലനം നല്‍കണം. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ഉടന്‍ വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടു. അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ക്ലാസ് മുറികള്‍ പ്രധാന അധ്യാപകന്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പിടിഎയ്ക്കും പരിശോധനയുടെ ചുമതലയുണ്ടായിരിക്കും.

ക്ലാസ് മുറിയില്‍ ചെരുപ്പിടുന്നത് വിലക്കരുത്. ശുചിമുറിയും പരിസരത്തെ വഴിയും ഉടന്‍ വൃത്തിയാക്കണം. എല്ലാമാസവും പരിശോധന തുടരണമെന്നും ഉത്തരവില്‍ പറയുന്നു. കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. നിര്‍ദേശം പാലിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കൈമാറിയ ഉത്തരവില്‍ പറയുന്നു.