70 മണിക്കൂറായി വനം വകുപ്പിനെ വട്ടം ചുറ്റിച്ച ബേലൂര്‍ മഖ്നയ്‌ക്കൊപ്പം മറ്റൊരു മോഴകൂടെ, ദൗത്യസംഘത്തിന് വെല്ലുവിളി

മാനന്തവാടി: തോല്‍പ്പെട്ടി റോഡിലെ ഇരുമ്പുപാലത്തിൻ സമീപത്തു നിന്നും ബേലൂര്‍ മഖ്നയ്ുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വിട്ട് വനംവകുപ്പ്. 70 മണിക്കൂറായി വനം വകുപ്പിനെ വട്ടം ചുറ്റിച്ച ബേലൂര്‍ മഖ്നയ്‌ക്കൊപ്പം മറ്റൊരു മോഴകൂടെയെന്ന് സ്ഥിരീകരിച്ച് അധികൃതർ. രണ്ടിനെയും കാണാന്‍ ഒരുപോലെയുണ്ട്. കഴുത്തില്‍ റേഡിയോകോളറുള്ളതിനാ‍ മാത്രമാണ് ബേലൂര്‍ മഖ്നയെ തിരിച്ചറിയാന്‍ കഴിയുന്നത്. മോഴകളുടെ ഈ സൗഹൃദം മയക്കുവെടിവെച്ച് പിടികൂടാന്‍ കാടുകയറിയ ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ്.

ഇരുമ്പു പാലത്തിൻറെ സമീപത്തുകൂടിയുള്ള ആകാശദൃശ്യങ്ങളാണ് ഇപ്പോൾ വനം വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്. ഒരുഭാഗത്ത് മോഴയും ,ബോലൂർ മഖ്നയ്ക്ക് സമാന്തരമായി സഞ്ചരിക്കുന്നത് കാണാൻ കഴിയുന്നുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടായിരുന്നു ആനയുടെ നീക്കം സഞ്ചാരം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടായിരുന്നു.

70 മണിക്കൂറായി ഈ ആനയാണ് വയനാടിനെ മുൾമുനയിൽ നിർത്തുന്നത്. തിരുനെല്ലി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. ഇന്ന് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും ആരു കിലോമീറ്റർ ചുറ്റളവിൽ മാത്രം ചുറ്റിനടക്കുന്ന ബേലൂർ മഖ്ന വനം വകുപ്പിന്റെ കൈയ്യിൽ നിന്ന് സമർത്ഥമായി ഒഴിഞ്ഞുമാറുന്നു.

കഴിഞ്ഞദിവസങ്ങളിലൊക്കെ കാട്ടില്‍ മറ്റു ആനകളെ കണ്ടിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെയാണ് മറ്റൊരു മോഴ ശ്രദ്ധയില്‍പ്പെടുന്നത്. ഇത് തോല്‍പ്പെട്ടി മേഖലയിലെ കാടുകളില്‍ സ്ഥിരമായി കാണുന്നതാണെന്നാണ് സംഘത്തിലുണ്ടായിരുന്ന നാട്ടുകാരായ വനംവാച്ചര്‍മാര്‍ പറയുന്നത്.
ഇരുമ്പുപാലത്തുനിന്ന് തിങ്കളാഴ്ച രാത്രിയിലാവും ഒപ്പംകൂടിയതെന്ന് കരുതുന്നു. ബേലൂര്‍ മഖ്ന പിറകിലും മറ്റേത് മുന്നിലുമായാണ് സഞ്ചാരം. പൊതുവെ കാഴ്ചമറയ്ക്കുന്നരീതിയില്‍ തിങ്ങിനിറഞ്ഞ കുറ്റിക്കാടായതിനാല്‍ മൂന്നുദിവസമായി ആനയെ മയക്കുവെടിവെക്കാന്‍ കഴിയുന്നില്ല. രണ്ടും ഒരുമിച്ചായതോടെ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

മൂന്നാമത്തെദിവസത്തെ ദൗത്യത്തിനിടെ 20 മീറ്റര്‍ അകലെനിന്നുവരെ കാട്ടാനയെ നേരില്‍കണ്ടെങ്കിലും കുറ്റിക്കാടിനുള്ളിലായതിനാല്‍ വെടിവെക്കാന്‍ കഴിഞ്ഞില്ല. അതിനിടെ രണ്ടുതവണ ദൗത്യസംഘം കടുവയുടെ മുന്നില്‍പ്പെട്ടു. ഒരുതവണ പുലിയും ചാടിവീണു. അപകടകരമായ സാഹചര്യങ്ങളുള്ള കാട്ടിലൂടെയാണ് ദൗത്യം നടത്തുന്നതെന്നും കാഴ്ചമറയ്ക്കുന്നരീതിയിലുള്ള ഇടതൂര്‍ന്ന കാടും ബേലൂര്‍ മഖ്ന അതിവേഗം സഞ്ചരിക്കുന്നതുമെല്ലാം മയക്കുവെടിവെക്കുന്നതിന് തടസ്സമായി മാറുകയാണെന്ന് വനംവകുപ്പ് പറയുന്നു.