മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, വിദേശയാത്ര ഒഴിവാക്കുക – IMA

ന്യൂഡൽഹി. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന നിർദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും,പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിർദേശങ്ങൾ പാലിക്കണം എന്നാണ് ഐഎംഎ നിർദേശിച്ചിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ വീണ്ടും പാലിച്ചുതുടങ്ങണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. ജനങ്ങൾ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐഎംഎയുടെ നിർദേശം.

വിവാഹത്തിന് ഒത്തുകൂടുന്നതും രാഷ്‌ട്രീയ – സാമൂഹിക യോഗങ്ങളിൽ പങ്കെടുക്കുന്നതും രാജ്യാന്തര യാത്രകൾ നടത്തുന്നതും കഴിവതും ഒഴിവാക്കണം. പനി, ചുമ, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ എത്രയും വേഗം കുത്തിവയ്‌പ്പെടുക്കണം – ഐഎംഎ അറിയിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അതിനാൽ ആരും പരിഭ്രാന്തരാ കേണ്ടതില്ല. എങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനാൽ ഭേദമാണ് രോഗം വരാതെ നോക്കുന്നതെന്ന് ഓർക്കണമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ചൈനയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും അതിരൂക്ഷമായ കൊറോണ വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിവേഗ വ്യാപനത്തിന് കാരണമാകുന്ന ബിഎഫ്.7 എന്ന ഉപവകഭേദം ഇന്ത്യയിൽ മൂന്ന് രോഗികൾക്ക് കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ ഐഎംഎ നിർദേശിക്കുന്നത്.