കോവിഡ് വ്യാപനം; വിമാന സര്‍വീസ് നിരോധിക്കേണ്ട ആവശ്യമില്ല- മുന്‍ എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി. ആശങ്ക വര്‍ദ്ധിപ്പിച്ച് ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ചൈനയില്‍ പടരുന്ന കോവിഡ് വേരിയന്റ് ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ബിഎഫ് 7 ഒമിക്രോണ്‍ വകഭേദം ഇതുവരെ നാല് പേര്‍ക്കാണ് സ്ഥിരീകരിച്ചത്.

അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 ഒമിക്രോണ്‍ എന്നാണ് വിവരം. രാജ്യത്ത് വീണ്ടും കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ.സെപ്തംബര്‍ മാസത്തില്‍ തന്നെ ഈ വേരിയന്റ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ യാത്രാ വിലക്കില്‍ അര്‍ത്ഥമില്ലെന്ന് ഡോ രണ്‍ദ്വീപ് ഗുലേരിയ പറയുന്നു. അണുബാധ ഇവിടെ ഒരു പരിധി വരെ വ്യാപിച്ചിട്ടുണ്ടെന്നും, വേരിയന്റിന്റെ സ്വഭാവം തിരിച്ചറിയാന്‍ ഇന്ത്യയില്‍ നിന്നുള്ള പോസിറ്റീവ് സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുമ്പോള്‍, ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിക്കണമെന്ന് ഇന്ത്യയില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ചൈനയില്‍ കേസുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒമിക്‌റോണ്‍ വേരിയന്റ് ഇന്ത്യയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ യാത്രാ നിരോധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. അണുബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ ആളുകള്‍ മുന്നോട്ട് വന്ന് പരിശോധനകള്‍ നടത്തണം.

മുതിര്‍ന്ന പൗരന്മാരും പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളും ജാഗ്രത പാലിക്കണം. തിരക്കേറിയ സ്ഥലത്തേക്ക് പോകുകയാണെങ്കില്‍ മാസ്‌ക് ധരിക്കണം. വിമാനങ്ങളും സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെനയില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനം ഇന്ത്യയില്‍ സാധ്യമല്ലെന്നും ഡോ ഗുലേരിയ വ്യക്തമാക്കി.