പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയ കിരണിനെ എന്ത് ചെയ്തു? കടലിൽ ചെരുപ്പുകൾ ദുരൂഹ.

 

തിരുവനന്തപുരം/ ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവത്തിൽ ദുരൂഹത. നരുവാമൂട് സ്വദേശി കിരണിനെയാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം കാണാതാവുന്നത്. ഇതിനിടെ, കടലില്‍നിന്ന് കിരണിന്റെ ചെരുപ്പ് കണ്ടെടുത്തതോടെ കിരണിനെ അപായപ്പെടുത്തിയതാകാമെന്നു ബന്ധുക്കള്‍ സംശയിക്കുകയാണ്.

നെയ്യാറ്റിന്‍കര നരുവാമൂട്ടില്‍ താമസിക്കുന്ന കിരണ്‍ ശനിയാഴ്ച ഉച്ചയോടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം, ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സുഹൃത്തുക്കളെ കാറിലേക്ക് മാറ്റി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കിരണിനെ ബൈക്കില്‍ കയറ്റി കടലിന്റെ ഭാഗത്തേക്ക് പോവുകയാണ് ഉണ്ടായത്. തുടർന്നാണ് കിരണിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്.

സംഭവം നടക്കുന്ന ഇതേ സമയം ഒരാള്‍ കടലില്‍ വീഴുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കിരണിന്റെ ചെരുപ്പ് മാത്രമാണ് കിട്ടുന്നത്. ചെരുപ്പ് കിരണിന്റേതാണെന്ന് പിതാവ് തിരിച്ചറിഞ്ഞതോടെ മകനെ കൊലപ്പെടുത്തിയിരിക്കുമോ എന്ന സംശയം ബന്ധുക്കൾക്ക് ഉണ്ടാവുന്നത്. പ്രണയബന്ധം ഉപേക്ഷിക്കണമെന്നു പറഞ്ഞ് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കിരണിനെ ഫോണിൽ വിളിച്ചിരുന്നു. കിരണിന്റെ പിതാവാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കിരണിനെ കാണാതായതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീട് വിട്ടിരിക്കുകയാണ് . ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പക്ഷേ തട്ടിക്കൊണ്ടുവന്നു കടലിലിട്ടതിന്റെ തെളിവുകളില്ലെന്നാണ് പോലീസ് ഇക്കാര്യത്തിൽ പറയുന്ന മറുപടി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തിരയുന്നതിനൊപ്പം മറ്റിടങ്ങളിലേക്കും പോലീസ് കിരണിനെ അന്വേഷിച്ചു വരുകയാണ്.