ശ്രീലങ്കയുടെ മോശം അവസ്ഥയിൽ ഇന്ത്യ അവർക്കൊപ്പം, എല്ലാ പിന്തുണയും – കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ.

 

തിരുവനന്തപുരം/ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും കൊണ്ട് കഷ്ടത്തിലായ ശ്രീലങ്കയുടെ മോശം അവസ്ഥയിൽ അവർക്കൊപ്പം നിൽക്കുന്നതും അവരെ സഹായിക്കുന്നതും ഇന്ത്യയുടെ നയമാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിക്കുകയാണ്. ശ്രീലങ്കയ്‌ക്ക് പ്രതിസന്ധി മറികടക്കാൻ എല്ലാ പിന്തുണയും നൽകും. ജയ്‌ശങ്കർ പറഞ്ഞു.

എക്കാലത്തും ശ്രീലങ്കയ്‌ക്കൊപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യ. നിലവിൽ ലങ്കയ്‌ക്ക് എല്ലാ പിന്തുണയുമുണ്ട്. അഭയാർത്ഥി കുടിയേറ്റ പ്രശ്‌നം നിലവിലില്ലെന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എസ്.ജയ്‌ശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ധനം, അരി, പാൽപ്പൊടി, മണ്ണെണ്ണ എന്നിങ്ങനെ അവശ്യ സാധനങ്ങളും നിത്യോപയോഗ വസ്‌തുക്കളുമടക്കം ആവശ്യമായവയെല്ലാം ഇന്ത്യ കഴിഞ്ഞ രണ്ട് മാസങ്ങളായി ശ്രീലങ്കയ്‌ക്ക് നൽകി വരുന്നു. ശ്രീലങ്ക സ്വയം പ്രശ്‌നങ്ങൾ പരിഹരിക്കാനുള‌ള തീവ്ര ശ്രമത്തിലാണ്. 350 കോടി ഡോളറിന്റെ സഹായമാണ് ഇന്ത്യ ഇതുവരെ ലങ്കയ്‌ക്ക് നൽകിയത്. 25 ടണ്ണോളം മരുന്നുകളും ലങ്കയിൽ വിതരണം ചെയ്‌തിരുന്നു. – കേന്ദ്ര വിദേശകാര്യമന്ത്രി പറഞ്ഞു.