മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തിയത് ആര്? അതിജീവിത കോടതിയിൽ.

കൊച്ചി/ വിവാദമായ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആര് ചോർത്തിയെന്നു അറിയണമെന്ന് അതിജീവിത കോടതിയിൽ. കോടതിയിൽ അതിജീവിത സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടുവെന്നും തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മറ്റുള്ളവർ കണ്ടു എന്ന് സാക്ഷിമൊഴിയുണ്ടെന്നും തന്റെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ സംബന്ധിച്ച വാദങ്ങൾ നടക്കവേ ജുഡീഷ്യൽ ഓഫീസർക്കെതിരേയുള്ള പരാമർശങ്ങൾ അനുവദിക്കാനാവില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു. വിചാരണക്കോടതിക്കെതിരേയുള്ള പ്രോസിക്യൂഷൻ ആരോപണങ്ങളിലാണ് കോടതിയുടെ താക്കീത് ഉണ്ടായത്. . മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ ദ്യശ്യങ്ങളിലെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടെന്നും പിന്നെന്തിനാണിത് പരിശോധിക്കുന്നതെന്നും കോടതി ചോദിക്കുകയുണ്ടായി.

നടിയെ ആക്രമിക്കുന്ന ദൃശ്വങ്ങൾ അടങ്ങിയ പെൻ ഡ്രൈവിൻ്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിചാരണ കോടതി ആവശ്യം തള്ളുകയായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി പറഞ്ഞു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ അടക്കിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെ ദൃശ്യം ചോർന്നെന്ന് പറയാനാകുമെന്നും വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലെന്നും കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് ഹർജിയിൽ കക്ഷി ചേരാൻ ദിലീപും അപേക്ഷ നൽകുകയുണ്ടായി.

ക്രൈംബ്രാഞ്ച് ഹർജി കേസിന്റെ തുടരന്വേഷണം വൈകിപ്പിക്കാനാണെന്നും അന്വേഷണ സംഘം വസ്തുതകൾ വളച്ചൊടിക്കുന്നതായും ദിലീപിൻറെ അഭിഭാഷകൻ പറഞ്ഞു. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സംശയത്തിന്റെ നിഴലിൽ തുടരാൻ ഇടവരുത്തുമെന്നും ദിലീപ് നല്‍കിയ അപേക്ഷയിൽ പറയുന്നുണ്ട്. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ദിലീപിനോട് ചോദിച്ച കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയാണ് ഉണ്ടായത്.