ഏഴ് വര്‍ഷത്തെ വിവാഹം, വിളിച്ചിറക്കി വിവാഹം; 22കാരി നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: നവവധുവിനെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനിയില്‍ രജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു. കുണ്ടറ പേരയം വല്യവിളവീട്ടില്‍ ഷണ്‍മുഖദാസ്-ലില്ലിക്കുട്ടി ദമ്പതികളുടെ മകളാണ്. രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

രണ്ടര മാസം മുമ്പാണ് വിവാഹം നടന്നത്. ധന്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. സ്ത്രീധന വിഷയത്തില്‍ യുവതി മര്‍ദ്ദനം നേരിട്ടിരുന്നോ എന്ന് അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ ജനല്‍ക്കമ്പിയില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് ധന്യയെ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറാണ് രാജേഷ്. ഇരുവരും ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മെയ് ഏഴിന് വിവാഹിതരായി. ധന്യയുടെ അച്ഛന്റെ കുടുംബം രാജേഷിന്റെ വീടിനടുത്താണ്. യുവതിയുടെ ബന്ധുക്കള്‍ വിവാഹത്തിന് എതിര്‍ത്തതോടെ മെയ് ആദ്യം ധന്യയെ രാജേഷ് വിളിച്ചിറക്കി കൊണ്ടുപോയി. തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്തി കൊടുത്തു. ഭര്‍തൃവീട്ടിലെ എല്ലാവരുമായി ധന്യ കഴിഞ്ഞിരുന്നത് വിഷമകരമായ അവസ്ഥയെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും ധന്യയുടെ പിതാവ് പറഞ്ഞു.

സ്ഥിരമായി മദ്യപിക്കാറുള്ള രാജേഷ് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ അമിതമായി മദ്യപിച്ചെത്തി. ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടു. രാജേഷ് പുറത്തുകിടന്ന ടിപ്പര്‍ ലോറിയില്‍ പോയി ഉറങ്ങി. മഴ പെയ്തപ്പോള്‍ ധന്യ ഇയാളെ വിളിച്ചുകൊണ്ടുവന്ന് മുറിയില്‍ കിടത്തി. വഴക്കിനെ തുടര്‍ന്ന് രാജേഷ് കട്ടിലില്‍ കിടക്കാതെ നിലത്താണ് കിടന്നത്. പുലര്‍ച്ചെ ഉണര്‍ന്ന് നോക്കുമ്പോഴാണ് ജനാലക്കമ്പില്‍ തൂങ്ങിയ നിലയില്‍ ധന്യയെ കണ്ടത്. രാജേഷിന്റെ നിലവിളികേട്ടെത്തിയ മാതാപിതാക്കളും അയല്‍വാസികളുംചേര്‍ന്ന് ഷാള്‍ അറത്തിട്ട് ധന്യയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.