മരണത്തിന്റെ ആഴങ്ങളില്‍ നിന്നും സാരി അഴിച്ച് എറിഞ്ഞ് കൊടുത്ത് യുവാക്കളെ രക്ഷിച്ച് മൂന്ന് വനിതകള്‍, ആദരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

മരണത്തില്‍ നിന്ന് ഒരു ജീവന്‍ രക്ഷിക്കുക എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ കാര്യം ഒന്നുമില്ല. എന്നാല്‍ ഇവിടെ മൂന്ന് സ്ത്രീകള്‍ രക്ഷിച്ചത് അണക്കെട്ടില്‍ മുങ്ങി താഴ്ന്ന രണ്ട് യുവാക്കളുടെ ജീവനായിരുന്നു. അതും സ്വന്തം സാരി അഴിച്ച് എറിഞ്ഞ് കൊടുത്ത്. യുവാക്കള്‍ അണക്കെട്ടില്‍ മുങ്ങി താഴുന്നത് കാണ്ട സ്ത്രീകള്‍ പെട്ടെന്ന് തന്നെ തങ്ങളുടെ സാരി അഴിച്ച് പിടിച്ചു കയറാനായി യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു. ഈ മൂന്ന് വനിതകളെയും ആദരിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. കല്‍പന ചൗള പുസ്‌കാരം നല്‍കിയാണ് സര്‍ക്കാര്‍ ഈ മൂവരെയും സ്വാതന്ത്ര്യദിനത്തില്‍ ആദരിച്ചത്.

തമിഴ്‌നാട് പേരമ്പല്ലൂര്‍ ജില്ലയിലായിരുന്നു സംഭവം ഉണ്ടായത്. മുങ്ങി താഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി ആഴിച്ച് എറിഞ്ഞ് കൊടുത്താണ് സ്ത്രീകള്‍ രക്ഷകരായത്. അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. ഈ സമയം സ്ഥലത്തെത്തിയ സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവര്‍ ധീരമായി ഞൊടിയിണയില്‍ ചിന്തിച്ച് പെരുമാറിയതാണ് യുവാക്കളുടെ ജീവന് രക്ഷയായത്.

യുവാക്കളെ രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന് അവര്‍ക്ക് മനസിലായി. സഹായത്തിന് വിളിച്ചിട്ടും മറ്റാരും എത്തിയില്ല. ആരും തന്നെ സമീപ പ്രദേശത്ത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തങ്ങളുടെ സാരികള്‍ അഴിച്ച് കൂട്ടിക്കെട്ടിയ ശേഷം മുങ്ങി താഴുകയായിരുന്ന യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുത്തു. ഈ സാരിയില്‍ പിടിച്ച് രണ്ട് യുവാക്കള്‍ മരണത്തിന്റെ ആഴങ്ങളില്‍ നിന്നും ജീവന്റെ കരയിലേക്ക് എത്തി. എന്നാല്‍ രണ്ട് യുവാക്കള്‍ മുങ്ങാത്താണു. പിന്നാലൈ എത്തിയ ഫയര്‍ഫോഴ്ത് സംഘം ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തി.