അവരെയും ഇതുപോലെ കത്തിക്കണം: ഐസിന്‍റെ ലൈംഗിക അടിമയായിരുന്ന ഇസ്രയുടെ വാക്കുകൾ ഇങ്ങനെ

കറുത്ത വസ്ത്രം ആദ്യം ധരിക്കുമ്പോൾ ശ്വാസം മുട്ടുന്നതു പോലെ തോന്നി… അത് സഹിക്കാൻ കഴിയുന്നതായിരുന്നില്ല… അഗ്നിയിൽ എരിയുന്ന വസ്ത്രം നോക്കി ഇസ്രയെന്ന 20 കാരിയാണ് ഇത് പറയുന്നത്.

ഐഎസ് തീവ്രവാദികളിൽ നിന്നും രക്ഷപെട്ടെത്തിയ പെൺകുട്ടികളിൽ ഒരുവളാണ് യസീദി പെൺകുട്ടിയാണ് ഇസ്ര. തല മുതൽ പാദം വരെ മൂടുന്ന കറുത്ത വസ്ത്രം ധരിപ്പിച്ച് അടിമയാക്കപ്പെട്ട നിരവധി പെൺകുട്ടികളാണ് മോചിപ്പിക്കപ്പെട്ടത്. പുറത്തെത്തിയ അവർ വസ്ത്രത്തിനു മുകളിൽ തങ്ങളെ അണിയിച്ചിരുന്ന കറുത്ത വസ്ത്രം ഊരിയെറിഞ്ഞു കത്തിക്കുകയായിരുന്നു.

കത്തിയെരിയുന്ന വസ്ത്രം നോക്കി ഇസ്ര പറഞ്ഞ വാക്കുകളാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്നത്. ഇതുപോലെ അവരെയും കത്തിക്കണം. അഞ്ചുവർഷം മുൻപ് ഇറാഖിലെ സിൻജാറിൽ നിന്നുമാണ് ഇസ്രയുൾപ്പെടെ ആയിരക്കണക്കിനു പെൺകുട്ടികൾ തീവ്രവാദികളുടെ പിടിയിലകപ്പെടുന്നത്. അന്നത്തെ ആക്രമണത്തിൽ ഐഎസ് തീവ്രവാദികൾ പ്രായമുള്ള പുരുഷന്മാരെ കൊലപ്പെടുത്തി. ചെറുപ്പക്കാരെ ഐഎസിനു വേണ്ടി പോരാടുന്ന യോദ്ധാക്കളാക്കി.

കൊച്ചുകുട്ടികളെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് വളർത്താൻനൽകി. കൗമാരക്കാരായ പെൺകുട്ടിളെയും യുവതികളെയും ലൈംഗിക അടിമയാക്കി വിറ്റു. എന്നാൽ സിറിയയിൽ കഴിഞ്ഞ ദിവസം ഐഎസിന്‍റെ അവസാനശക്തി കേന്ദ്രവും തകർക്കപ്പെട്ടതോടെ അടിമകളായിരുന്ന സ്ത്രീകൾ മോചിപ്പിക്കപ്പെടുകയായിരുന്നു.

തടവ് കേന്ദ്രത്തിൽ നിന്നും പുറത്തെത്തിയവരാണ് കറുത്ത മേലങ്കി അഗ്നിക്കിരയാക്കിയത്. ശേഷം ഇതിന്‍റെ വീഡിയോകൾ സമൂഹഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പരാജയം സമ്മതിച്ചു പലായനം ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ അധീനതയിലുണ്ടായിരുന്ന യുവതികളെ ഐഎസ് മോചിപ്പിച്ചിരുന്നു.

യസീദികൾ സാത്താനെ ആരാധിക്കുന്നവരായാണ് ഐഎസുകാർ കണ്ടിരുന്നത്. അങ്ങനെ ഉള്ളവരെ കൊല്ലാനും മാനഭംഗപ്പെടുത്താനും കുഴിച്ചുമൂടനുമൊക്കെ തങ്ങൾക്ക് അധികാരവും അവകാശവും ഉണ്ടെന്ന് അവര്വിശ്വാസിച്ചു.