ശബരിമലയില്‍ 12 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, അപ്പാച്ചിമേട്ടിലാണ് സംഭവം

എരുമേലി. 12 വയസ്സുകാരി ശബരിമലയില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കുഴഞ്ഞു വീണ് മരിച്ചത്. ശബരിമല അപ്പാച്ചിമേട്ടിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ഉള്‍പ്പെട്ട സംഘം മല ചവിട്ടിയത്.

തുടര്‍ന്ന് കുട്ടിക്ക് അപ്പാച്ചിമേട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കുട്ടി കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നിലവില്‍ കുട്ടിയുടെ മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുമ്പ് മുതല്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം.