വർക്ക് നിയർ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റിൽ 50 കോടി

തിരുവനന്തപുരം. വർക്ക് നിയർ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാർഥികൾക്കുള്ള അന്താരാഷ്ട്ര സ്‌കോളർഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പിലാക്കിയ തൊഴിൽ സംവിധാനമാണ് വർക്ക് നിയർ ഹോം. കോവിഡിന് ശേഷവും പുതിയൊരു തൊഴിൽ സംസ്‌കാരമായി വർക്ക് നിയർ ഹോം ഉയർന്നുവരുന്നു. കഴിഞ്ഞ ബജറ്റിൽ വർക്ക് നിയർ ഹോം പ്രാദേശിക തലത്തിൽ ഒരുക്കുന്നതിനായി 50 കോടി രൂപ നീക്കിവെച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാദേശികതലത്തിൽ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വർക്ക് നിയർ ഹോമിന് മൂന്നുതരം സൗകര്യം ഒരുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രതിവർഷം ലോകത്തിലെ 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അസൈൻമെന്റുകൾ നേടുന്ന വിദ്യാർഥികളുടെ യാത്രച്ചെലവുകൾക്കും ജീവിതച്ചെലവുകൾക്കുമായി ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും. ഇതിനായി 10 കോടി രൂപ നീക്കിവെച്ചു.