പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറുമാസമായി പീഡിപ്പിച്ചു , വയോധികൻ അറസ്റ്റിൽ

തിരുവനന്തപുരം. വീട്ടുകാർ ഇല്ലാത്ത സമയത്ത് ഫ്‌ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറി(60) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ആറു മാസമായി പലതവണയായാണ് പീഡിപ്പിച്ചത്. പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയം ഹാഷിർ ഫ്‌ളാറ്റിലെത്തുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയത്. ഡോക്ടര്‍ മംഗലപുരം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.