ദമ്പതിമാരെന്ന വ്യാജേന വീടെടുത്ത് താമസം, കഞ്ചാവ് വില്‍പ്പന നടത്തിയ യുവതിയും യുവാവും അറസ്റ്റിൽ

തളിപ്പറമ്പ് : ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. യു.പി. സിദ്ധാര്‍ഥ് നഗറിലെ അബ്ദുള്‍ റഹ്‌മാന്‍ അന്‍സാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു.

കരിമ്പത്തെ വാടകവീട്ടിലായിരുന്നു പ്രതികള്‍ താമസിച്ചത്. രാത്രിയിൽ അന്യസംസ്ഥാനക്കാരുള്‍പ്പെടെ വീട്ടിലെ സന്ദര്‍ശകരായെത്തുന്നത് കണ്ട് സംശയംതോന്നിയ പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. എസ്.ഐ. പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവര്‍ മുജീബ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.