ഞാൻ കഴിഞ്ഞ ജന്മത്തിൽ നല്ല കാര്യം ചെയ്തിട്ടുണ്ട്, അതുകൊണ്ടാണ് ഇത്രയധികം സ്‌നേഹം ലഭിക്കുന്നത്- ഭാവന

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഭാവന ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഭാവന. ഇന്നലെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിച്ച താരത്തിന് നിരവധി ആശംസയാണ് സഹപ്രവർത്തകരിൽ നിന്നും ആരാധകരിൽ നിന്നും ലഭിച്ചത്. മഞ്ജു വാര്യർ, ആസിഫ് അലി, ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ശിൽപ ബാല, മൃദുല മുരളി തുടങ്ങി നിരവധിപ്പേരാണ് ആശംസകൾ നേർന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ തന്നെ തേടിയെത്തിയ സ്‌നേഹത്തിന് നന്ദി കുറിച്ചിരിക്കുകയാണ് ഭാവന.

“ഉയർച്ചയും താഴ്ച്ചയും ഒക്കെയായി ഒരു വർഷം കൂടി കടന്നുപോയി… അതിന്റെ എല്ലാ കരുതലും സ്‌നേഹവും കൊണ്ട് എന്നെ കൂടുതൽ നല്ല വ്യക്തിയാക്കി… എന്റെതന്നെ മികച്ച പതിപ്പാകാൻ ഒരു പുതിയ വർഷം തുടങ്ങിയിരിക്കുകയാണ്. എന്റെ ജന്മദിനത്തിൽ നിങ്ങൾ അറിയിച്ച ആത്മാർത്ഥമായ എല്ലാ ആശംസകൾക്കും ഒരുപാട് നന്ദി… എനിക്കുറപ്പുണ്ട് എന്റെ കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തോ നല്ല കാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങളിൽ നിന്നെല്ലാം ഇത്രയധികം സ്‌നേഹം എനിക്ക് ലഭിക്കുന്നത്. ഒത്തിരി നന്ദി… എപ്പോഴും സ്‌നേഹം…”, എന്നാണ് ഭാവനയുടെ കുറിപ്പ്.

2018 ജനുവരി 22നായിരുന്നു ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്. ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേർന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു. നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. അടുത്തിടെ ടെലിവിഷൻ ഷോകളിലും നടി പങ്കെടുത്തിരുന്നു.

ഭാവനയുടെ ഫോട്ടോകളൊക്കെ ഓൺലൈനിൽ തരംഗമാകാറുണ്ട്. അച്ഛന്റേയും അമ്മയുടേയും വിവാഹവാർഷിക ദിനത്തിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാതാപിതാക്കളുടെ വിവാഹ ഫോട്ടോ ഉൾപ്പടെ നിരവധി ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. അച്ഛൻ കൂടെയില്ലാത്തതിന്റെ ദുഃഖവും ഭാവന പങ്കുവെക്കുന്നുണ്ട്.