വനിത വിജയകുമാര്‍ വിവാഹിതയാകുന്നു, നടിയുടെ മൂന്നാം വിവാഹം, മുന്‍ ബന്ധങ്ങളില്‍ മൂന്ന് മക്കള്‍

തമിഴ് ബിഗ്‌ബോസിന്റെ മൂന്നാം സീസണിലൂടെ ശ്രദ്ധേയമായ നടി വനിത വിജയകുമാര്‍ വിവാഹിതയാകുന്നു. പീറ്റര്‍ പോള്‍ ആണ് വരന്‍. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയില്‍ വെച്ച് ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വനിതയുടെ ഭാവിവരന്‍ പീറ്റര്‍ തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധോയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു.

വനിത 1995ലാണ് അഭിനയ രംഗത്തേക്ക് വരുന്നത്, ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു നടി തുടക്കം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങിയ നടി ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 1999ല്‍ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിന് ശേഷം സീരിയലുകളില്‍ സജീവമായി നടി. പിന്നീട് ടിവി ഷോകളിലും നിറഞ്ഞ് നിന്ന നടി ബിഗ്‌ബോസ് തമിഴ് സീസണ്‍ മൂന്നിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

വനിതയുടെ ആദ്യ വിവാഹം നടന്നത് 2000ല്‍ ആയിരുന്നു. ആകാശ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയില്‍ നിന്നും അവധി എടുത്ത വനിത 2007ല്‍ ആദ്യ ബന്ധം അവസാനിപ്പിച്ചു. ആ വര്‍ഷം തന്നെ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ രണ്ടാമത് വിവാഹം ചെയ്തു. 2012 വരെയെ ഈ ബന്ധവും നീണ്ടു നിന്നൊള്ളു. 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരികെ എത്തി.

ആദ്യ ബന്ധത്തില്‍ രണ്ട് മക്കളും രണ്ടാം ബന്ധത്തില്‍ ഒരു കുട്ടിയുമാണ് വനിതയ്ക്കുള്ളത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍. നടിമാരായ ശ്രീദേവി വിജയകുമാര്‍, പ്രീത വിജയകുമാര്‍, കവിത വിജയകുമാര്‍, അനിത വിജയകുമാര്‍ എന്നിവര്‍ സഹോദരിമാരാണ്. നടന്‍ അരുണ്‍ വിജയ് സഹോദരനും.