വീണ്ടും ഡെങ്കിപ്പനി മരണം, ജീവൻ നഷ്ടമായത് ചികിത്സയിലായിരുന്ന എട്ടു വയസുകാരിക്ക്

ചേർത്തല : സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. ചേർത്തലയിൽ ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എൽപി സ്കൂൾ മുന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പനിയെത്തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പനി കൂടിയതിനെത്തുടർന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് തൃശൂരിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു . ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്. ആറാം തിയ്യതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു.

ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.