കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍

കോഴിക്കോട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനത്താവള ജീവനക്കാരി പിടിയില്‍. വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പര്‍വൈസറായ വാഴയൂര്‍ സ്വദേശി കെ സജിതയാണ് പിടിയിലായത്. സജിത വിമാനത്താവളത്തിലെ ക്ലീനിങ് ചുമതല കറാറെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച 1812 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംശയം തോന്നിയ ഇവരെ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ലഭിച്ചത്. കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തിയ സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയും മുമ്പ് പോലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് പോലീസ് പിടികൂടിയത്.

ഇയാളില്‍ നിന്നും നിരവധി പാസ്‌പോര്‍ട്ടുകളും 320 ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ രണ്ട് യാത്രക്കാരില്‍ നിന്ന് 518 ഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിന്റെയും ഷാര്‍ജയില്‍ നിന്നെത്തിയ യുവതിയുടെയും പക്കലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഡിസ്‌ക് രൂപത്തിലാക്കി സ്വര്‍ണം കാര്‍ട്ടണ്‍ ബോക്‌സില്‍ ഒളിപ്പിച്ച നിലയിലാണ് പാലക്കാട് സ്വദേശി മുഹമ്മദിന്റെ കൈയില്‍ നിന്നും പിടിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസത്തിനിടെ ഒരു കിലോയോളം സ്വര്‍ണം പിടിച്ചു. കേസുകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടാകുന്നതെന്ന് പോലീസ് പറയുന്നു. വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ചും ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളില്‍ വെച്ചുമാണ് സ്വര്‍ണക്കടത്ത് കൂടുതല്‍.