കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങി ചിട്ടികൾ, കെഎസ്എഫ്ഇയിൽ നടക്കുന്നത് വൻ തിരിമറി, തുറന്നുപറഞ്ഞ് എ.കെ ബാലൻ

കോഴിക്കോട്. കെഎസ്എഫ്ഇ യിൽ നടക്കുന്നത് വൻതിരിമറി. കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങിയും ചിട്ടികൾ. ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും സിപിഎം നേതാവ് എ.കെ ബാലൻ. കോഴിക്കോട് നടന്ന കെഎസ്എഫ്ഇയിലെ സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്തതാണെന്നും എകെ ബാലൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് ഇത്തരം രീതികൾ. കള്ള പ്രമാണങ്ങൾ വച്ചുള്ള വായ്പ്പയും കെഎസ്എഫ്ഇ വഴി നടക്കുന്നുണ്ട്.

അശാസ്ത്രീയമായ തരത്തിലാണ് പുതിയ ശാഖകൾ ആരംഭിക്കുന്നത്. എന്തിനാണ് ഇത്രയും ശാഖകൾ എന്ന് തനിക്ക് പോലും തോന്നിയിട്ടുണ്ട്. ആധുനികപരമായ ഒരു പരിഷ്‌കാരങ്ങളും സ്ഥാപനത്തിൽ നടക്കുന്നില്ല. ആളുകൂടിയാൽ അപ്പോൾ തന്നെ ശാഖ തുടങ്ങുന്ന പ്രവണതയാണ് കെഎസ്എഫ്ഇയ്‌ക്കുള്ളത്.

കേരളത്തിലെ സഹകരണ സംഘങ്ങളുടെ അടിത്തറ ശക്തമാണ്. എന്നാൽ ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ഉണ്ടായ പിഴവിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനം ക്രൂശിക്കപ്പെട്ടു. അവിടെ വരാൻ പാടില്ലാത്ത ഏജൻസി വന്നു. സഹരണ മേഖലയോട് കേന്ദ്രം സ്വീകരിക്കുന്നത് പ്രതികൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ മാത്രമല്ല നല്ല രീതിയിൽ പ്രവർത്തിക്കുന്ന കെഎസ്എഫ് ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഇഡി എത്തുമെന്നും അതിനാൽ ഇപ്പോഴത്തെ മതിപ്പും പ്രവർത്തനവും തുടർന്നും നിലനിർത്തണമെന്നും എകെ ബാലൻ പറഞ്ഞു.