ഭക്ത്യാദരം കൊറ്റംകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കുമായി മക്കളോടൊപ്പം അമ്പിളി ദേവി

മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ രംഗത്ത് ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.

ഏറെ പ്രസിദ്ധമായ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കിന് ഇത്തവണ പതിവ് തെറ്റിക്കാതെ എത്തിയിരിക്കുകയാണ് അമ്പിളിദേവിയും കുടുംബവും.

മൂത്തമകനും രണ്ടാമത്തെ മകനും ഒരു വയസായപ്പോൾ മുതൽ ചമയവിളക്ക് എടുക്കുന്നുണ്ടെന്ന് താരം പറയുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് മാത്രമാണ് മക്കൾക്ക് ചമയവിളക്ക് എടുക്കാൻ സാധിക്കാതെ പോയത്. ഇളയമകൻ ഇപ്പോൾ മൂന്നാം തവണയാണ് വിളക്കെടുക്കുന്നത്. എവിടെയാണെങ്കിലും എല്ലാ വർഷവും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാറുണ്ടെന്നും അമ്പിളിദേവി പറഞ്ഞു.

നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനംകവർന്ന നടിയാണ് അമ്പിളി ദേവി. മികച്ച നർത്തകിയായ താരം കലോത്സവ വേദികളിൽ നിന്നായിരുന്നു സിനിമയിലെത്തിയത്. നിലവിൽ സോഷ്യൽ മീഡിയയിൽ സജീവമായ നടി യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നേരത്തെ മക്കൾ വിളക്കെടുത്തതിന്റെ വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.