വില എട്ട് കോടി, അനന്ത് അംബാനിയുടെ വാച്ച് കണ്ട് ഞെട്ടി സക്കർബർഗിന്റെ ഭാര്യ

അംബാനി കുടുംബത്തിലെ ആഘോഷങ്ങൾക്ക് വിരാമം. അത്യാഡംബരപൂർവ്വമായ മൂന്ന് ദിവസത്തെ ചടങ്ങിൽ പ്രമുഖ വ്യവസായികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, തുടങ്ങി ആഗോള വ്യവസായ പ്രമുഖരും മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. വിവാഹവുമായ ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മാർക്ക് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല അനന്ത് അംബാനിയുടെ വാച്ച് കണ്ട് ഞെട്ടുന്നതാണ്. ഈ ആഡംബര വാച്ചിന്റെ വില 100,561,584 രൂപയാണ്. ആഡംബര വാച്ചുകളുടെ ലോകത്തിലെ ഏറ്റവും പുതിയ ബ്രാൻഡാണ് റിച്ചാർഡ് മില്ലെ. കോടികൾ വിലമതിക്കുന്ന റിച്ചാർഡ് മില്ലെ റിസ്റ്റ് വാച്ചാണ് അനന്ത് അംബാനി അണിഞ്ഞിരുന്നത്. വാച്ചിനെക്കുറിച്ച് അനന്ത് അംബാനിയും മാർക്ക് സക്കർബർ​ഗും ഭാര്യ പ്രിസില്ലയും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, റാണി മുഖർജി, സിദ്ധാർത്ഥ്-കിയാര, സെയ്ഫ്-കരീന തുടങ്ങി താര ദമ്പതികളും ചടങ്ങിൽ എത്തിയിരുന്നു. ജൂലൈ 12 ന് മുംബൈയിൽ വച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം.