ശമ്പളം ഇന്നും കിട്ടിയില്ലെങ്കിൽ നിരാഹാര സമരം തുടങ്ങും, സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഇന്ന് ശമ്പളം ലഭിക്കുമെന്നാണ് ധനവകുപ്പ് അധികൃതര്‍ പറയുന്നത്. മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിന് ഒരുങ്ങി സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍. ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നാണ് ധനവകുപ്പ് അറിയിച്ചത്.ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.

നിലവില്‍ സര്‍ക്കാരിന്റെ പക്കലുള്ള പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയാണെങ്കില്‍ ഓവര്‍ഡ്രാഫ്റ്റ് പ്രതിസന്ധിയിലേക്ക് നീങ്ങും. ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ട്രഷറിയില്‍ പണം നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ശമ്പളം മുടങ്ങിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ശമ്പള വിതരണത്തിന് ആവശ്യമായ തുക ഇന്ന് ഉച്ചയോടെ ട്രഷറിയിലെത്തിക്കാനാണ് ശ്രമം. അതോടെ ഇ.ടി.എസ്.ബി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് നീക്കും. ജീവനക്കാര്‍ക്ക് പണം എടുക്കുകയും ചെയ്യാം. പ്രതിസന്ധി കടുത്താല്‍ ശമ്പളം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തുന്നതും ധനവകുപ്പിന്‍റെ പരിഗണനയിലുണ്ട്.

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് സര്‍ക്കാരിന് നാണക്കേടായതോടെ ശമ്പള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രനം വേഗത്തിലാക്കി. ഇപ്പോള്‍ സമരം ചെയ്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവസ്ഥയാകുമെന്ന് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ പറയുന്നു. നിലവില്‍ ട്രഷറിയിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാലും അത് എടുക്കാന്‍ കഴിയാത്ത അവസ്ഥകൂടിയുണ്ട്.