സവർക്കറെ പിന്തുണച്ച് അനിൽ ആന്റണി, ‘ഫിറോസ് ഗാന്ധി, ഇന്ദിര ഗാന്ധി എന്നിവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കാൻ’ കോൺഗ്രസ് നേതാക്കളോട് അനിൽ

ന്യൂ ഡൽഹി . വി ഡി സവർക്കറെ സവർക്കറെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസിന്‍റെ ഐടി സെല്‍ മുന്‍ ചുമതലക്കാരനുമായിരുന്ന അനിൽ ആന്‍റണി. ഒരു ദേശീയ മാധ്യമത്തിൽ വന്ന ഒരു ആർട്ടിക്കിൾ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ ആന്‍റണി സവർക്കറെ പിന്തുണച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം എന്ന് അനില്‍ പറഞ്ഞിരിക്കുന്നു.

‘സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ കയ്പേറിയ പല അഭിപ്രായങ്ങളും ഒഴിവാക്കാമായിരുന്നു. ദേശീയവും പൊതുതാൽപ്പര്യവുമുള്ള പ്രസക്തമായ വിഷയങ്ങളിൽ രാഷ്ട്രീയ വ്യവഹാരങ്ങൾ നടത്താമായിരുന്നു.’ അനിൽ ആന്‍റണി കുറിച്ചു. അനിൽ ആന്‍റണിയുടെ ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കു കയാണ്.

ഇതിനിടെ സവർക്കറെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാറും പ്രസ്താവന നടത്തിയിരുന്നു. ശാസ്ത്രബോധമുള്ള പുരോഗമനവാദിയെന്നാണ് സവർക്കറെ ശരദ് പവാർ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമാകുന്നത് മറ്റ് ഗുരുതര വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണെന്ന് കൂടി പവാർ പറഞ്ഞു. ‌‌

മുൻപ് താനും സവർക്കറെ കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടായിരുന്നു. സവർക്കർ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പുരോഗമനവാദിയായ നേതാവായിരുന്നു. തന്റെ വീടിന് മുമ്പിൽ ക്ഷേത്രം നിർമിച്ച സവർക്കർ അതിന്റെ നട‌ത്തിപ്പിന് നിയോഗിച്ചത് വാൽമീകി സമുദായത്തിൽപെട്ട ആളെയായിരുന്നു. രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാ​ഗം വ്യക്തമാക്കിയതിനു പിന്നാലെയാണ് ശരദ് പവാറിന്റെ പരാമർശം ഉണ്ടായത്.