കണ്ണീരായി മറ്റൊരു ദേവനന്ദ, ഹൃദയ ശസ്ത്രക്രിയക്ക് ശേഷം സുഖപ്പെട്ട ഇവൾ വാഹനാപകടത്തിൽ പൊലിഞ്ഞുപോയി

വണ്ണപ്പുറം: ദേവനന്ദ എന്ന പേർ മലയാളികളുടെ ഉള്ളില്‍ ഒരു നോവാണ്. കൊല്ലത്ത് ഏഴ് വയസുകാരി ദേവനന്ദ വിടപറഞ്ഞതിന്റെ ആഘാതത്തില്‍ നിന്നും കേരളം മുക്തമാതകുന്നതിന് മുമ്പേ മറ്റൊരു ദേവനന്ദയുടെ മരണ വാര്‍ത്ത മലയാളി മനസുകളെ പിടിച്ചുലയ്ക്കുകയാണ്. കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്ന ദുരന്ത ജീവിതത്തില്‍ നിന്നും കരകയറിയ ദേവനന്ദയെ വാഹന അപകടത്തിന്റെ രൂപത്തിലാണ് വിധി തട്ടിയെടുത്തത്. ഏഴാംക്ലാസുകാരിയായ ദേവനന്ദ ഒരു കാര്‍ അപകടത്തിലാണ് മരിച്ചത്. കണ്ണീരുണങ്ങാത്ത കുട്ടിക്കാലം, വേദനയിൽ കരഞ്ഞ് മടുത്ത് അവൾ ജീവിതത്തിലെ സന്തോഷത്തിലേക്ക് തിരികെ വന്നപ്പോഴായിരുന്നു വിധി വാഹനാപകടത്തിന്റെ രൂപത്തിൽ തട്ടിയെടുത്തത്.

ഹൃദയ വാല്‍വിലെ ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയ ദേവനന്ദ സുനില്‍ എന്ന 12 വയസുകാരി വീടിന് മുന്നിലെ വഴിയില്‍ വെച്ച് കാറിടിച്ച് മരിക്കുകയായിരുന്നു. ഇടുക്കി വണ്ണപ്പുറം ബ്ലാത്തിക്കവല പാലക്കാട്ട് സുനില്‍ – രഞ്ചു ദമ്പതികളുടെ മകളും വെണ്‍മണി സെന്റ് ജോര്‍ജ് യു .പി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമാണ് ദേവനന്ദ.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ ആണ് അപകടം ഉണ്ടായത്. വീടിന് എതിര്‍ വശത്തുള്ള വീട്ടില്‍ ടി വി കണ്ടു മടങ്ങുന്നതിന് ഇടെയാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ ദേവനന്ദയെ ഇടിച്ച് തെറുപ്പിച്ചത്. നിര്‍ത്തി ഇട്ടിരുന്ന വാഹനത്തിന്റെ പിന്നിലൂടെ റോഡ് മുറിച്ചു കടക്കവെയാണ് കുട്ടിയെ കാറിടിച്ചത്. ഇടിയുടെ ആഘാദത്തില്‍ 20 അടിയോളം ദൂരേക്ക് കുട്ടി തെറിച്ച് വീണു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പുലര്‍ച്ചെയോടെ മരണം സംഭവിക്കുക ആയിരുന്നു.

ദേവനന്ദയ്ക്ക് ജന്മനാ ഹൃദയ വാല്‍വുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നു. 20 ലക്ഷം രൂപ മുടക്കിയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കുട്ടിയുടെ പിതാവ് സുനിലിന് ചികിത്സ ചിലവുകള്‍ താങ്ങാവുന്നതിനും അപ്പുറമായിരുന്നു. എന്നാല്‍ ദമ്പതികള്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്ഥലം വിറ്റ് കുട്ടിയുടെ ചികിത്സ നടത്തുകയായിരുന്നു. മൂന്നുമാസം മുന്‍പു ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ നടത്തി കുട്ടി ജീവിതത്തിലേക്ക് പിച്ചവയ്ക്കുമ്ബോഴാണ് വിധി അതിലേറെ ക്രൂരമായി പെരുമാറിയത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദേവപ്രിയ, ദേവസൂര്യ, ദേവഗംഗ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം നടത്തി.

അതേസമയം ഇളവൂരില്‍ മരണപ്പെട്ട ആറ് വയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയറ്റില്‍ ചെളിയും വെള്ളവും കണ്ടെത്തി. കുട്ടിയെ കാണാതായി 20 മണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.അതിനാൽ തന്നെ മൃതദേഹം ജീർണ്ണിച്ച് തുടങ്ങിയിരുന്നു.
അതേസമയം കാണാതായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയുടെ മരണം സംഭവിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടിലും അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

എന്നാൽ വെറും ഒരു മുങ്ങിമരണം എന്ന റിപോർട്ടിൽ ഈ കേസ് അവസാനിപ്പിക്കാൻ പോലീസിനാവില്ല. തട്ടികൊണ്ട് പോയി ആറ്റിൽ ഇട്ടാലും അത് മുങ്ങിമരണം തന്നെ ആകും. ദേവ നന്ദ എങ്ങിനെ പുഴക്കരയിൽ എത്തി. കൂടെ ആരുണ്ടായിരുന്നു. ഷാൾ എങ്ങിനെ വന്നു. ഒരിക്കലും തനിച്ച് പുറത്തിറങ്ങാത്ത കുട്ടി എങ്ങിനെ ഒറ്റക്ക് പോയി. ഇതെല്ലാം മറുപടി കിട്ടേണ്ടതാണ്‌. ഇതിനുത്തരം തരാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആയില്ലെങ്കിൽ എന്നും ദുരൂഹത ഈ മരണത്തിൽ ബാക്കിയാകും. ഇനി പുറത്തുവരാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടിയാണ്.അതേസമയം ദുരൂഹതകള്‍ക്ക് ഉത്തരം തേടിയുള്ള ശാസ്ത്രീയ പരിശോധന നടക്കും. പോസ്റ്റുമോര്‍ട്ടം ചെയ്ത് ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്ന സംഘം  ദേവനന്ദയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചു.
ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുകയാണ്.. അടുത്ത ബന്ധുവിനെ സംശയം ഉള്ളതായി വീട്ടുകാര്‍ പറഞ്ഞു.

ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.